ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്‌തത് വന്‍ തുകയ്‌ക്ക്; പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന് ബോണി കപൂർ
തിങ്കള്‍, 25 ഫെബ്രുവരി 2019 (12:54 IST)
വിവിധ കഥാപാത്രങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും സിനിമാ ആസ്വാദകരെ വിസ്മയിപ്പിച്ച നടി ശ്രീദേവിയുടെ വിയോഗത്തിന്റെ ഒന്നാം വാർഷികത്തിൽ അവരുടെ സാരി ലേലം ചെയ്‌തു. 1.3 ലക്ഷം രൂപയ്‌ക്കാണ് സാരി ലേലത്തിൽ വിറ്റത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ തുക വിനയോഗിക്കുമെന്ന് ഭർത്താവും നടനുമായ ബോണി കപൂർ വ്യക്തമാക്കി. ലേലത്തിലൂടെ സമാഹരിച്ച തുക കൺ സേൺ ഇന്ത്യ എന്ന ഫൗണ്ടേഷനാവും കൈമാറുക. സ്‌ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നതാണ് ഈ സംഘടന.
'ബീയിങ്ങ് ജെനറസ് വിത്ത് ശ്രീദേവി' എന്ന പേരിലായിരുന്നു ലേലം. വെള്ളയിൽ കറുത്ത വരകളും, മജന്താ കരയുമുള്ള കൈത്തറി സാരിയാണ് ലേലത്തിൽ വെച്ചത്. 40,000 രൂപാ മുതലാണ് ലേലം ആരംഭിച്ചത്.
2018 ഫെബ്രുവരി 24നാണ് ശ്രീദേവിയെ ദുബായിലെ ഒരു സ്വകാര്യ ഹോട്ടലിലെ ബാത്ത്‌ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുവരെയും ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത ചുരുളഴിയപ്പെട്ടിട്ടില്ല.