ബാത്ത്ടബ്ബില്‍ മരിച്ചു കിടക്കുന്നതാര് ?; പ്രിയ വാര്യര്‍ ചിത്രം കോടതി കയറും - സിനിമയ്‌ക്കെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്
പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. അന്തരിച്ച സൂപ്പര്‍നായിക ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രത്തിനെതിരെ നിയമനടപടികള്‍ ആരംഭിച്ചത്.
ശ്രീദേവി ബംഗ്ലാവിന്റെ കഥ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ
സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
വക്കീല്‍ നോട്ടീസ് ലഭിച്ചതായി പ്രശാന്ത് മാമ്പുള്ളി വ്യക്തമാക്കി. നോട്ടീസിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും തന്റെ സിനിമ ഒരു സസ്‌പെന്‍സ് ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡിലടക്കം നിറഞ്ഞു നിന്ന ശക്തമായ ഒരു നടിയുടെ വേഷമാണ് ‘ശ്രീദേവി ബംഗ്ലാവി’ല്‍ താന്‍ കൈകാര്യം ചെയ്യുന്നതെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതായി ടീസറില്‍ കാണിച്ചിരുന്നു. ഇതോടെയാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോണി കപൂറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.