സൊഹ്‌റാബുദീന്‍ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. അമിത് ഷായ്ക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
ഹര്‍ഷ് മന്ദറിന് കേസുമായി വിദൂരബന്ധം പോലുമില്ല. ഒരിക്കല്‍ കുറ്റവിമുക്തനാക്കിയ ഒരാളെ വീണ്ടും വീണ്ടും പ്രോസിക്യൂട് ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ച കോടതി ഹര്‍ഷ് മന്ദറിന്റെ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്നും നിരീക്ഷിച്ചു.
അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെ പൊലീസ് പിടിച്ചുകൊണ്ടു പോയതും പിന്നീട് വധിക്കപ്പെടുന്നതും. 2005ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ നടന്നതെന്നും സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടതെന്നുമായിരുന്നു കേസ്.
2014 ഡിസംബര്‍ നാലിന് ഈ കേസില്‍ അമിത് ഷായെ സി ബി ഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2012ല്‍ ആയിരുന്നു മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം അമിത് ഷായും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.