ജീസാനില്‍ മഴ കനത്തു; 29 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (16:17 IST)
കനത്ത മഴയില്‍ വാദി നദി കരകവിഞ്ഞൊഴുകിയതോടെ സിവില്‍ ഡിഫന്‍സ് 29 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മര്‍ക്കസ് ഹകാമിയക്ക് കീഴിലെ മദായ ഗ്രാമത്തില്‍ നിന്ന് 13ഉം ദറബയിലെ അതൂദ് ഗ്രാമത്തില്‍ നിന്ന് 13ഉം ജീസാന്‍ ടൗണില്‍ നിന്ന് മുന്ന് കുടുംബങ്ങളെയുമാണ് മാറ്റി താമസിപ്പിച്ചത്. വാദി ളമദില്‍ ഒഴുക്കില്‍ പെട്ട ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. 
 
താഴ്‌വരയിലെ നിരീക്ഷണത്തിനും അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തിര സഹായങ്ങള്‍ നല്‍കാനും ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജീസാന്‍ മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ യഹ്യ ഖഹ്താനി പറഞ്ഞു. താഴ്‌വരകളില്‍ നിരീക്ഷണത്തിനും മുന്നറിയിപ്പ് നല്‍കുന്നതിനും സിവില്‍ ഡിഫന്‍സ് പെട്രോളിംഗ് വിഭാഗത്തെ കൂടുതല്‍ വിന്യസിപ്പിച്ചിട്ടുണ്ട്. 
 
മഴകനക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലം, പവര്‍ സ്റ്റേഷനുകള്‍ എന്നിവയ്ക്കടുത്ത് നില്‍ക്കരുതെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജീസാന്‍ മേഖലയില്‍ വലിയ നഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 
 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 
Next Article