ഭഗവന്ത് മന്‍ പാര്‍ലമെന്റില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് സ്പീക്കറുടെ നിര്‍ദ്ദേശം

തിങ്കള്‍, 25 ജൂലൈ 2016 (12:12 IST)
പാര്‍ലമെന്റിനകത്തേക്ക് സുരക്ഷാസംവിധാനങ്ങളിലൂടെ കടന്നു പോകുന്ന വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ട ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്‍ സഭയില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ദ്ദേശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അമ്പതംഗ സമിതിയേയും സ്പീക്കര്‍ നിയോഗിച്ചു. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് വിലക്ക്. 
 
കഴിഞ്ഞയാഴ്ചയാണ് ഭഗവന്ത് വീഡിയോ പുറത്ത് വിട്ടത്. ഭഗവന്തിന്റെ വാഹനം പാര്‍ലമെന്റിലെ ബാരിക്കേഡുകള്‍ കടന്ന് അകത്തുകയറുന്നതു മുതല്‍ സഭയിലുര്‍ത്തുന്ന ചോദ്യങ്ങളും തിരഞ്ഞെടുക്കുന്ന മുറിയിലെ ദൃശ്യങ്ങളുമാണ് 12 മിനിറ്റു വരുന്ന വീഡിയോയിലുള്ളത്. വീഡിയോ പുറത്ത് വിട്ടത് വിവാദമായതിനെ തുടര്‍ന്ന് ഭഗവന്ത് മന്‍ നിരുപാധികം ക്ഷമാപണം നടത്തികൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് നല്‍കിയിരുന്നുവെങ്കിലും വിഷയം ഗൗരവതരമാണെന്നും അതിനാല്‍ നടപടി വേണ്ടി വരുമെന്നും സ്പീക്കര്‍ സൂചിപ്പിച്ചിരുന്നു. 
 
സംഭവം വിവാദമായപ്പോള്‍ താന്‍ ഇനിയും ഇതുപോലെ ചെയ്യുമെന്ന ഭഗവന്തിന്റെ പ്രതികരണം പ്രതിഷേധം ആളികത്തിച്ചു. തന്നെ വോട്ടു ചെയ്തു ജയപ്പിച്ച പഞ്ചാബിലെ ജനങ്ങളെ പാര്‍ലമെന്റ് പ്രവര്‍ത്തനരീതികള്‍ കാണിച്ചുകൊടുക്കാനാണ് വീഡിയോ ചിത്രീകരിച്ച് ഫെയ്‌സ്ബുക്കിലിട്ടതെന്നായിരുന്നു എംപിയുടെ വിശദീകരണം. ഇരു സഭകളിലും പ്രതിഷേധം രൂക്ഷമായതോടെ എംപി മാപ്പ് പറയുകയും ചെയ്തു. 
 
 
 

വെബ്ദുനിയ വായിക്കുക