ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് യൂണിക് ഐഡന്റിഫിക്കേഷൺ അതോറിറ്റി ഒഫ് ഇന്ത്യ. ആധാർ കാർഡ് വിവരങ്ങൾ അതിസുരക്ഷയിലാണ് സൂക്ഷിക്കുന്നത്. പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം കാലം അവ സുരക്ഷിതമായിരിക്കുമെന്നും യുഐഡിഎഐ സുപ്രീംകോടതിയെ അറിയിച്ചു.
ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേതാണ്. അതിനാല്‍ ആധാറിന്റെ വിവരങ്ങള്‍ ചോര്‍ത്തുക അസാധ്യമാണെന്നും കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ പവർ പോയിന്റ് പ്രസന്റേഷനിലൂടെ അഥോറിറ്റി സിഇഒ ഡോ അജയ് ഭൂഷൺ വിശദീകരിച്ചു.
2048 എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇവ തകർത്ത് ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുക അസാധ്യമാണ്. ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേതാണെങ്കിലും വിവരങ്ങള്‍ സൂക്ഷിക്കുന്ന സർവർ ഇന്ത്യയുടേതാണെന്നും അഥോററ്റി കോടതിയെ അറിയിച്ചു.
അതേസമയം, ബയോമെട്രിക് വിവരങ്ങൾ പരിശോധിക്കാൻ കഴിയാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. എന്നാൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ കാരണം സംവിധാനത്തിന്റെ മനോഭാവമാണെന്ന് യുഐഡിഎഐ ചൂണ്ടിക്കാട്ടി.