തൃശൂർ പൂരത്തിന്റെ മറ്റൊരു വകഭേദമാണോ ജല്ലിക്കെട്ട് ? ഇതാ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ !

ബുധന്‍, 25 ജനുവരി 2017 (14:40 IST)
പൂരങ്ങളുടെ പൂരം എന്നാണ് തൃശൂർ പൂരം അറിയപ്പെടുന്നത്. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച ഈ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമാണുള്ളത്. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും പുറത്തുമായി ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്.   
 
പാരമ്പര്യ ആചാരത്തിന്റെ ഭാഗമായും ദേവ പ്രീതിക്കുമായി തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് അവിശ്വസനീയമായ കാഴ്ചകളാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. മനുഷ്യരുടെ പതിന്‍‌മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യര്‍ക്ക് കീഴടക്കേണ്ടി വരുന്നത്. ജീവന്‍‌പണയം വച്ചുള്ള ഈ വിനോദത്തെ തമിഴ്നാട്ടുകാര്‍ ജീവിതത്തിന്‍റെയും വിശ്വാസത്തിന്റേയും ഭാഗമാക്കുന്നു.
 
ജല്ലിക്കെട്ട് നിരോധനം പിന്‍‌വലിക്കുന്നതിനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രൂക്ഷമായ പ്രതിഷേധങ്ങളാണ് തമിഴ്നാട്ടില്‍ നടന്നത്. ജെല്ലിക്കെട്ടു നടക്കാന്‍ അനുമതി ലഭിക്കുന്നതുവരെയും സമരം നടന്നു. കാള ഒരു വന്യ ജീവിയാണെന്നും അതിനാല്‍ അതുമായി മനുഷ്യര്‍ മത്സരിക്കരുതെന്നും പറഞ്ഞാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. അങ്ങിനെയാണെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാന്‍ അനുവധിക്കാമോ? 
 
മദമിളകിയ ആനകളുടെ കുത്തേറ്റ് വര്‍ഷത്തില്‍ എത്രയോ പേര്‍ ആണ് കേരളത്തില്‍ മരിക്കുന്നത്. നിരവധി നാശനഷ്‌ടങ്ങള്‍ ഉണ്ടാകുന്നു. എന്നിട്ട് അവയെ ഇപ്പോഴും ഉത്സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഉപയോഗിക്കുന്നുണ്ട്. അതേസമയം, ജല്ലിക്കെട്ട് നടത്തിയ കാള ഇത്തരത്തില്‍ ഒരു നാശനഷ്ടവും ഉണ്ടാക്കുന്നില്ല. ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ പിന്നീട് വര്‍ഷം മുഴുവന്‍ ഈ കാളകളെ നല്ല ഭക്ഷണവും മറ്റും കൊടുത്ത് പരിപാലിക്കുകയാണ് ചെയ്യുക.
 
മാംസത്തിനു വേണ്ടിയും മാടുകളെ കൊല്ലുന്നു. അതിനു നിരോധനമില്ല. ജല്ലിക്കെട്ടില്‍ മരിക്കുന്നതിനേക്കാള്‍ എത്രയോ പേരാണ് വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. എന്നിട്ട് വാഹനങ്ങള്‍ നിരോധിച്ചോ? അപകടകരമാണെന്ന് അറിയുമെങ്കിലും മോട്ടോര്‍ റേസിങ്ങും നിരോധിക്കുന്നില്ല. പിന്നെ ജല്ലിക്കെട്ടിന് മാത്രമായി എന്തിനാണ് ഈ നിരോധനം? അത് ഒരു അനാവശ്യ തീരുമാനമല്ലേ ? 

വെബ്ദുനിയ വായിക്കുക