2019 മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി: മോദി

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (21:40 IST)
2019 മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നും വൈദ്യുതികരിക്കുന്നതിന് 16320 കോടി രൂപ ചെലവുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 
 
സൗഭാഗ്യ യോജന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണ മേഖലയ്ക്ക് ഒന്നും നഗരമേഖലയ്ക്ക് മറ്റൊന്നുമായി രണ്ട് പദ്ധതികളാണ് രാജ്യത്തെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കാനായി കൊണ്ടുവരുന്നത്. 
 
പാവങ്ങള്‍ക്കെല്ലാം വൈദ്യുതി ലഭ്യമാക്കുമെന്നറിയിച്ച പ്രധാനമന്ത്രി വൈദ്യുതി വില ഏകീകരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് വ്യക്തമാക്കി. പാവങ്ങള്‍ക്ക് വൈദ്യുതിക്കായി പ്രത്യേകം ഫീസ് അടയ്ക്കേണ്ടതില്ല. പാവങ്ങളുടെ അടുത്തേക്ക് സര്‍ക്കാര്‍ എത്തുകയാണ് - പ്രധാനമന്ത്രി പറഞ്ഞു. 
 
സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 16,000 കോടി രൂപ മാറ്റിവയ്ക്കുമ്പോള്‍ അതിന്‍റെ ഭാരം പാവങ്ങളുടെ മേല്‍ ചുമത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
നേരത്തേ ബി ജെ പി നിര്‍വാഹകസമിതി യോഗത്തില്‍, രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി തുറന്നുസമ്മതിച്ചിരുന്നു. മൂന്ന് മാസമായി സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുണ്ടെന്നാണ് മോദി സമ്മതിച്ചത്.
 
സാമ്പത്തികനില കഴിഞ്ഞ മൂന്നുവര്‍ഷമായി സുസ്ഥിരമായ അവസ്ഥയിലാണ്. എന്നാല്‍ മൂന്നുമാസമായി രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ട് - ബി ജെ പി നിര്‍വാഹകസമിതി യോഗത്തില്‍ മോദി പറഞ്ഞു.
 
എന്‍റെ സൌഹൃദവലയത്തില്‍ അഴിമതിക്കാര്‍ ഇല്ല. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കുകയുമില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അഴിമതിയോട് പുലര്‍ത്തുന്നതെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
 
സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കാന്‍ നീതി ആയോഗ് അംഗം ബിബേക് ദെബ്‌റോയ് അധ്യക്ഷനായുള്ള അഞ്ചംഗസമിതിയെ നിയമിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍