2ജി സ്പെക്ട്രം അഴിമതി കേസിലെ കുറ്റപത്രം സമര്‍പ്പണം രണ്ട് ദിവസം വൈകും. മാര്‍ച്ച് 31-ന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സി ബി ഐ നേരത്തെ അറിയിച്ചിരുന്നത്. ഇതിനായി രണ്ട് ദിവസത്തെ സാവകാശം തേടിയ സി ബി ഐ കുറ്റപത്രം ഏപ്രില്‍ രണ്ടിന് സമര്‍പ്പിക്കുമെന്ന് സുപ്രീംകോടതിയില്‍ അറിയിച്ചു.
എ രാജ, സഹായി ആര്‍ കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹ്ര, എത്തിസലാത് കമ്പനി മുന്‍ എം ഡി ഷാഹിദ് ഉസ്മാന്‍ ബല്‍വ എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ഇവര്‍ക്ക് പുറമെ ഒരു എം പിയുടെ പേരും കുറ്റപത്രത്തില്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്‍ട്രേറ്റിലെ ഉദ്യോഗസ്ഥരും സി ബി ഐ സംഘവും മൗറീഷ്യസിലേക്കു പോകുമെന്നും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
80,000 പേജടങ്ങുന്ന കുറ്റപത്രമാണ് സി ബി ഐ തയ്യാറാക്കിയിട്ടുള്ളത്. മൗറീഷ്യസ്, സിംഗപ്പൂര്‍, സൈപ്രസ് എന്നീ രാജ്യങ്ങള്‍ വഴിയാണ് പണമിടപാടുകള്‍ നടന്നതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്.