അതിര്‍ത്തിയില്‍ ഇന്ത്യയുടെ താണ്ഡവം; 15 പാക് സൈനികരെ ബിഎസ്എഫ് വധിച്ചു - വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുന്നു

വെള്ളി, 28 ഒക്‌ടോബര്‍ 2016 (15:02 IST)
അതിര്‍ത്തിയിലെ പാകിസ്ഥാന്റെ പ്രകോപനപരമായ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി ബിഎസ്എഫ്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ പാകിസ്ഥാന്റെ 15 സൈനികരെ വധിച്ചതായി ബിഎസ്എഫ് എഡിജി അരുൺ കുമാർ അറിയിച്ചു.

പാകിസ്ഥാനി ഫ്രണ്ടിയർ ഫോഴ്‌സിലെ രണ്ട് പേരും റേഞ്ചേഴ്‌സിലെ 13 പേരുമാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെ തുടര്‍ന്നാണ് ശക്തമായ പ്രത്യാക്രമണം ഇന്ത്യ നടത്തിയതെന്നും ബിഎസ്എഫ് പറയുന്നു. പാക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യാക്രമണമാണിത്.

അതിനിടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പാക്കിസ്ഥാൻ ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുകയാണ്.
രജൗരി, സാമ്പ, അബ്‌ദുളിയ, ആർ.എസ് പുര, സുചേത്ഗഢ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു ദിവസമായി ഇടയ്ക്കിടെ കനത്ത വെടിവയ്‌പുണ്ടാകുന്നുണ്ട്. കശ്മീരില്‍ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് ബിഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഒരു സിവിലിയൻ കൂടി കൊല്ലപ്പെട്ടിരുന്നു. പാക് സൈന്യത്തിന്റെ ആക്രമണത്തിനിടയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക