‘മധ്യസ്ഥ വിവാദം’ തരൂര്‍ നിഷേധിച്ചു

ഞായര്‍, 28 ഫെബ്രുവരി 2010 (17:44 IST)
PRO
ഇന്തോ-പാക് ബന്ധത്തില്‍ സൌദി അറേബ്യ മാധ്യസ്ഥം വഹിക്കുമെന്ന് പറഞ്ഞിട്ടില്ല എന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. പാകിസ്ഥാനുമായി അടുത്ത സൌഹൃദം പുലര്‍ത്തുന്ന സൌദിക്ക് ഇന്തോ-പാക് ബന്ധത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് താന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്തോ-പാക് ബന്ധത്തില്‍ സൌദി അറേബ്യയെ ഉപയോഗപ്പെടുത്താനാവുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് തരൂരിന് കെണിയായത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മതിപ്പുള്ള ഒരു മധ്യവര്‍ത്തിയാവാന്‍ സൌദി അറേബ്യയ്ക്ക് കഴിയും എന്ന തരൂരിന്റെ മറുപടിയാണ് വിവാദമുയര്‍ത്തിയത്.

പ്രധാനമന്ത്രിക്കൊപ്പം സൌദിയിലുള്ള തരൂരിന്റെ പ്രസ്താവന ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. തരൂര്‍ പ്രസ്താവനയെ കുറിച്ച് വിശദീകരിക്കണമെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു.

തരൂര്‍ പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണോ പ്രസ്താവന നടത്തിയത് എന്നും ഇന്തോ‌-പാക് ചര്‍ച്ചയില്‍ ഇടനിലക്കാര്‍ വേണമെന്ന് പറയാന്‍ തരൂരിന് എന്താണ് അവകാശമെന്ന് വ്യക്തമാക്കണമെന്നും റൂഡി ആവശ്യപ്പെട്ടു.

ഇന്തോ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ സാന്നിധ്യം വേണ്ട എന്നതാണ് ഇന്ത്യയുടെ വിദേശ നയം. എന്നാല്‍, തരൂര്‍ ഞായറാഴ്ച നടത്തിയ പ്രസ്താവന ഇതിനു വിരുദ്ധമാണെന്നാണ് വിമര്‍ശനം.

വെബ്ദുനിയ വായിക്കുക