‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാട്ടുന്നു‘

ചൊവ്വ, 13 മെയ് 2014 (16:38 IST)
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാട്ടുന്നുവെന്നാരോപിച്ച് കമ്മീഷനെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് ഗിരിരാജ് സിംഗ്. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കെതിരേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനെടുത്ത കേസുകള്‍ വിവേചനത്തോടു കൂടിയുള്ളതാണെന്ന് ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി.
 
വോട്ടെടുപ്പിനുശേഷം ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പാര്‍ട്ടിചിഹ്നം പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് അദ്ദേഹത്തിനെതിരേ കമ്മീഷന്‍ കേസെടുത്തു. എന്നാല്‍ അമേഠിയിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരേ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല. കമ്മീഷന്റെ ഈ നടപടി അങ്ങേയറ്റം നിര്‍ഭാഗ്യകരവും വിവേചനവുമാണെന്ന് ഗിരിരാജ് പറഞ്ഞു. 
 
1990 -കളില്‍ ടി.എന്‍. ശേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ സ്ഥാപിച്ചെടുത്ത വിശ്വാസ്യതയാണ് കമ്മീഷന്‍ ഇപ്പോള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. നവാഡ ലോക്സഭാമണ്ഡലത്തില്‍ മത്സരിക്കുന്ന ഗിരിരാജ് സിംഗിനെതിരേ വിവാദപ്രസ്താവനയുടെ പേരില്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ കേസെടുത്തിരുന്നു. മോദിക്ക് വോട്ടു ചെയ്യാത്തവര്‍ പാകിസ്ഥാനിലേക്ക് പോകട്ടെയെന്ന പ്രസംഗമാണ് ഗിരിരാജ് സിംഗിന് വിനയായത്.

വെബ്ദുനിയ വായിക്കുക