‘കള്ളപ്പണക്കാരുടെ പേരുകള്‍ മറയ്ക്കുന്നതെന്തിന്?’

തിങ്കള്‍, 28 മാര്‍ച്ച് 2011 (15:22 IST)
PRO
PRO
കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വിദേശത്ത് നികുതിയില്ലാപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ എന്തിനാണ് മറച്ചുവെക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതൊക്കെ കാണുമ്പോള്‍ നിശബ്ദമായിരിക്കാന്‍ സാധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കള്ളപ്പണത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്.

രാജ്യത്ത് നടക്കുന്നതെന്ന് എന്താണെന്ന് ജനങ്ങള്‍ അറിയട്ടെയെന്നും സുപ്രീം കോടതി പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞാല്‍ ആര്‍ക്കും മനസ്സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല. കള്ളപ്പണത്തിന്റെ ഉറവിടവും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ചും പൂര്‍ണമായ വിവരങ്ങള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ പൂനെ സ്വദേശി ഹസന്‍ അലി ഖാന്റെ ഭാര്യ റീമ ഖാന്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായിരുന്നു.

ഹസന്‍ അലിയെ ഏപ്രില്‍ എട്ടുവരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക