അഴിമതിക്കാരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അണ്ണാഹാസാരെ മരണം വരെ നിരാഹാരം തുടങ്ങി. ഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലാണ് ഡോക്ടര്‍മാരുടെ അഭ്യര്‍ത്ഥന അവഗണിച്ച് ഹസാരെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹമിരിക്കുന്നത്. ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നിവര്‍ ബുധനാഴ്ച മുതല്‍ ഇവിടെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു.
നാല് ദിവസത്തിനുള്ളില്‍ ങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ താന്‍ നേരിട്ട് സമരരംഗത്തിറങ്ങുമെന്നും മരണം വരെ നിരാഹാരം കിടക്കുമെന്നും ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് ഹസാരെ നേരിട്ട് സമരത്തിനിറങ്ങിയത്. അഞ്ഞൂറോളം പേര്‍ മാത്രമാണ് രാവിലെ ഹസാരെ സമരം തുടങ്ങുമ്പോള്‍ സമരവേദിയിലെത്തിയത്. ഇത് സമരത്തിന്റെ ശക്തിയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ജനപങ്കാളിത്തം കുറഞ്ഞത് തന്നെ നിരാശപ്പെടുത്തില്ലെന്നും അഞ്ചു പേരാണ് പിന്തുണക്കുന്നതെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നും ഹസാരെ പറഞ്ഞിരുന്നു.
ആരോഗ്യനില മോശമായതിനാല്‍ നിരാഹാരത്തില്‍ നിന്ന് പിന്മാറണമെന്ന് ഹസാരെയോട്അദ്ദേഹത്തിന്റെ അനുയായികളും ഡോക്ടര്‍മാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ തുടങ്ങിവെച്ച സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഹസാരെയുടെ നിലപാട്. ഹസാരെയുടെ മൂന്നാമത്തെ നിരാഹാര സമരമാണിത്.