ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു

ഞായര്‍, 28 ഓഗസ്റ്റ് 2011 (11:25 IST)
PRO
PRO
സുശക്തമായ ജന ലോക്‍പാല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിവന്ന നിരാഹാരസമരം അവസാനിച്ചു. ഹസാരെ മുന്നോട്ടുവെച്ച മൂന്ന് ഉപാധികള്‍ അംഗീകരിക്കാന്‍ പാര്‍ലമെന്റ് പൊതുധാരണയിലെത്തിയതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. സിമ്രാന്‍ ഇക്ര എന്നീ പെണ്‍കുട്ടികള്‍ നല്‍കിയ ഇളനീര് കുടിച്ചാണ്, പതിമൂന്ന് ദിവസമായി രാം‌ലീല മൈതാനിയില്‍ നടത്തിവന്ന നിരാഹാരസമരം ഹസാരെ അവസാനിപ്പിച്ചത്.

ലോക്‌പാലിനൊപ്പം എല്ലാ സംസ്‌ഥാനങ്ങളിലും ലോകായുക്‌ത സ്‌ഥാപിക്കുക, കീഴുദ്യോഗസ്‌ഥരെയും ലോക്‌പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, ജനങ്ങളുടെ അവകാശപ്പത്രിക എല്ലാ വകുപ്പുകളിലും പ്രസിദ്ധീകരിക്കുക എന്നീ മൂന്ന്‌ നിര്‍ദേശങ്ങളാണ്‌ ഹസാരെ മുന്നോട്ടുവച്ചിരുന്നത്‌.

ഈ നിര്‍ദ്ദേശങ്ങളില്‍ പൊതുധാരണയിലെത്തിയെന്ന് പ്രണബ് മുഖര്‍ജി സഭയില്‍ അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സഭയില്‍ നടന്ന ചര്‍ച്ചയുടെ പൂര്‍ണരൂപവും ലോക്പാല്‍ ബില്‍ പരിഗണിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് കൈമാറും. അവയെല്ലാം പരിശോധിച്ച് ലോക്പാല്‍ ബില്‍ ഉചിതസമയത്ത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി അവര്‍ സമര്‍പ്പിക്കുമെന്ന് സഭാനേതാവായ പ്രണബ് അറിയിച്ചു. പ്രണബിന്റെ പ്രഖ്യാപനം സഭ കൈയടിച്ച് അംഗീകരിക്കുകയായിരുന്നു. കൈയടിച്ച് പാസാക്കിയത് സഭയുടെ പൊതുവികാരത്തിന്റെ ലക്ഷണമാണെന്ന് സ്പീക്കര്‍ മീരാ കുമാര്‍ പറഞ്ഞു.

അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടു പാര്‍ലമെന്റ്‌ പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പും അതുസംബന്ധിച്ച പ്രധാനമന്ത്രിയുടെ കത്തും കേന്ദ്രമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖ് കഴിഞ്ഞ ദിവസം ഹസാരെ സംഘത്തിന് കൈമാറുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇന്ന് നിരാഹാരം അവസാനിപ്പിക്കാന്‍ ഹസാരെ തീരുമാനിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക