ഹസാരെ ജനവികാരം ചൂഷണം ചെയ്യുന്നു: അരുന്ധതി റോയ്

ബുധന്‍, 31 ഓഗസ്റ്റ് 2011 (20:59 IST)
PTI
അഴിമതിയ്‌ക്കെതിരെയുള്ള ജനവികാരം അണ്ണാ ഹസാരെയും സംഘവും ചൂഷണം ചെയ്യുകയാണെന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ജനലോക്പാല്‍ ബില്‍ അപകടകരമായ ഒരു നിയമമാണെന്നും ഇത്തരം ഒരു ബില്ലിനുവേണ്ടി ജനങ്ങളുടെ ക്ഷോഭത്തെ ഹസാരെ സംഘം ഉപയോഗിക്കുകയാണെന്നും അരുന്ധതി കുറ്റപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് അരുന്ധതി റോയ് ഇക്കാര്യം പറയുന്നത്.

ലോകബാങ്ക് അജണ്ടയായിരുന്നു ഹസാരെയുടെ സമരം. ഇത് നിയന്ത്രിച്ചത് കിരണ്‍ ബേദി ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന എന്‍ ജി ഒ ആണ്. ഹസാരെ ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഒരു വിശുദ്ധനായി മാറി. എന്നാല്‍ ഹസാരെ സംഘം ജനങ്ങളുടെ പ്രസ്ഥാനമല്ല. സമരത്തെ റിയാലിറ്റി ഷോ ആക്കുകയാണ് ഹസാരെ ചെയ്തത് - അരുന്ധതി റോയ് ആരോപിച്ചു.

അതേസമയം, മൂന്നുദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അണ്ണാ ഹസാരെ ആശുപത്രി വിട്ടു. അദ്ദേഹം മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമമായ റലെഗന്‍ സിദ്ദിയിലേക്കാണ് പോയത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി മെഡാന്ത മെഡിസിറ്റിയുടെ ചെയര്‍മാനായ ഡോ. നരേഷ് ട്രെഹാന്‍ അറിയിച്ചു.

സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പത്തുവര്‍ഷത്തിലേറെയായി സമരം നടത്തുന്ന മണിപ്പൂരിന്‍റെ ഉരുക്കുവനിത ഇറോം ഷര്‍മിളയെ അണ്ണാ ഹസാരെ ഉടന്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക