സൗമ്യ വധം: നാലുപേര്‍ പിടിയില്‍

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2009 (10:12 IST)
മലയാളി പത്രപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. രവി, ബിലിജിത്, അമിത്, അജയ് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച നടന്ന ജിഗിഷ ഘോഷ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരെ ചോദ്യം ചെയ്തപ്പോഴാണ് സൌമ്യ വധക്കേസുമായി ബന്ധപ്പെട്ട പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികള്‍ കാറില്‍ പണവും മറ്റു വസ്തുക്കളും മോഷ്ടിച്ചതായും തെളിഞ്ഞിട്ടുണ്ട്.

ഹെഡ്‌ലൈന്‍സ് ടുഡേ എന്ന ടിവി ചാനലില്‍ ജോലി നോക്കിയിരുന്ന സൗമ്യ സെപ്‌തംബര്‍ 30നാണ്‌ വെടിയേറ്റു മരിച്ചത്‌. ഓഫീസില്‍നിന്ന്‌ വസന്ത്‌ കുഞ്‌ജിലെ താമസ സ്ഥലത്തേക്ക്‌ കാറില്‍ മടങ്ങവെയായിരുന്നു സംഭവം.