ആന്ധ്രയില്‍ ‘സിറിഞ്ച് മാന്‍’ ആക്രമണം തുടരുകയാണ്. ഇതുവരെ 25ലധികം ആളുകള്‍ക്ക് സിറിഞ്ച് മാന്‍റെ ആക്രമണത്തില്‍ പരുക്കേറ്റെന്നാണ് വിവരം. കൈയില്‍ സിറിഞ്ചുമായി ബൈക്കിലെത്തി ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. ഇയാള്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 40 സ്പെഷ്യല്‍ പൊലീസ് ടീമുകളാണ് ഇയാളെ തിരയുന്നത്. രേഖാചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
സിറിഞ്ച് മാന്‍ ഒരു മനോരോഗിയാണെന്നാണ് വിവരം. അധികവും സ്ത്രീകളെയാണ് ഇയാള്‍ ആക്രമിക്കുന്നത്. വെറും സിറിഞ്ചാണോ എന്തെങ്കിലും മരുന്ന് ഇതില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ആക്രമിക്കപ്പെടുന്നവര്‍ക്ക് പെട്ടെന്നുതന്നെ ബോധക്ഷയമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വെസ്റ്റ് ഗോദാവരി ജില്ലയാണ് സിറിഞ്ച് മാന്‍റെ വിഹാരകേന്ദ്രം. ഇയാള്‍ കറുത്ത നിറമുള്ള ബൈക്കിലാണ് സഞ്ചരിക്കുന്നത്. സിറിഞ്ചുമായി അക്രമം നടത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഇയാളുടെ ആദ്യ ആക്രമണം ഓഗസ്റ്റ് 22നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഞായറാഴ്ച ഒരു രണ്ടുവയസുകാരിയെ സിറിഞ്ചുകൊണ്ട് ആക്രമിച്ചതാണ് ഒടുവില്‍ ഉണ്ടായിരിക്കുന്ന കേസ്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ ആക്രമിക്കുകയാണ് ഇയാളുടെ സാധാരണ രീതി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 25 കേസുകളില്‍ 18 എണ്ണവും സ്ത്രീകള്‍ക്കെതിരെയാണ്. ഈ മനോരോഗിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
നര്‍സാപൂര്‍ ഡിവിഷനിലെ ഓരോ വീടും പരിശോധനയ്ക്ക് വിധേയമാക്കിയുള്ള അന്വേഷണമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്. എന്നാല്‍ ഇതുവരെ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജില്ലയില്‍ ഈ സൈക്കോയെ പിടികൂടുന്നതിനായി 15 താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സൈക്കോ എവിടെനിന്നാണ് സിറിഞ്ചുകള്‍ ശേഖരിക്കുന്നതെന്ന് അന്വേഷണസംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് സിറിഞ്ചുകള്‍ വാങ്ങുന്നവരെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിവേസ്റ്റുകള്‍ ഉപേക്ഷിക്കുന്നയിടങ്ങളില്‍ നിന്ന് സിറിഞ്ചുകള്‍ ശേഖരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
മറ്റൊരു സാധ്യത, അടുത്തകാലത്ത് ഏതെങ്കിലും ആശുപത്രിയില്‍ നിന്ന് രാജിവച്ച മെയില്‍ നഴ്സോ, കമ്പോണ്ടറോ ആയിരിക്കാം ആക്രമണത്തിനുപിന്നില്‍ എന്നാണ്. അതിരാവിലെയോ ഉച്ചയ്ക്ക് മുമ്പോ ആണ് കൂടുതല്‍ ആക്രമണവും. അതിരാവിലെ വീടിനുമുന്നില്‍ കോലം വരയ്ക്കുന്ന സ്ത്രീകള്‍, ട്യൂഷന് പോകുന്ന പെണ്‍കുട്ടികള്‍, കാലത്ത് നടക്കാന്‍ പോകുന്നവര്‍, മാര്‍ക്കറ്റിലേക്ക് പോകുന്നവര്‍ തുടങ്ങിയവരെയാണ് സിറിഞ്ച് മാന്‍ ആക്രമിക്കുന്നത്. ഇരകളുടെ തുടയിലാണ് സിറിഞ്ച് പ്രയോഗം എന്നതിനാല്‍ പരിചയസമ്പന്നനായ ഒരു മെയില്‍ നഴ്സ് ആയിരിക്കാമെന്നാണ് സൂചന. എന്തായാലും സിറിഞ്ച് മാനെ ഉടന്‍ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി ചിന്ന രാജപ്പ ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇരയെ കൊലപ്പെടുത്തുകയോ മോഷണമോ അല്ല ലക്‍ഷ്യം എന്നിരിക്കെ ഇതൊരു മനോരോഗി തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. സിറിഞ്ചുകൊണ്ട് മുറിവേല്‍പ്പിക്കുന്നതില്‍ മാത്രമാണ് അക്രമി ആനന്ദം കണ്ടെത്തുന്നത്. എന്നാല്‍, ഇത് ഏതെങ്കിലും മാരകരോഗം പരത്താന്‍ ലക്‍ഷ്യമിട്ടുള്ള ആക്രമണമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
സിറിഞ്ച് മാനില്‍ നിന്ന് ആക്രമണം ഉണ്ടാകുന്നവര്‍ അക്കാര്യം ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കണമെന്ന് നര്‍സാപൂര്‍ ഡി എസ് പി സൌമ്യ ലത ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2012ല്‍ സ്ത്രീകള്‍ക്ക് നേരെ ആന്ധ്രയില്‍ ഇതുപോലെ സൈക്കോ ആക്രമണം നടന്നിട്ടുണ്ട്. അന്ന് സ്ത്രീകളെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു രീതി. സൈക്കോ സാംബ എന്ന ആ അക്രമി ഇനിയും പൊലീസ് പിടിയിലായിട്ടില്ല.