സൌദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി ഇന്ത്യ എന്തുചെയ്തു?
വ്യാഴം, 28 മാര്‍ച്ച് 2013 (17:03 IST)
PRO
PRO
സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൌദിയില്‍ നിലവില്‍ വന്ന നിതാഖത് നിയമം പ്രകാരം തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയതായി പ്രവാസികാര്യമന്ത്രി വയലാര്‍ രവി. തൊഴില്‍ നഷ്ടപ്പെടുന്ന മലയാളികളടക്കമുള്ളവരെ അവിടെത്തന്നെ പുനരധിവസിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്ന് അദ്ദേഹം പറഞ്ഞു.
ഈ നിയമം പ്രവാസി മലയാളികള്‍ക്കും കേരളത്തിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതിനാല്‍ പരമാവധി പ്രവാസികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സമീപനം സൗദി സ്വീകരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സൗദി തൊഴില്‍ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും വയലാര്‍ രവി അറിയിച്ചു.
സൌദിയിലെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി 2011 ജൂണിലാണ് നിതാഖത് നിയമം നിലവില്‍ വന്നത്. സൗദി അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദിനംപ്രതി നൂറിലേറെ വിദേശികള്‍ ആണ് രാജ്യത്ത് നിന്ന് മടങ്ങുന്നത്. മലയാളികള്‍ ആണ് ഇവരില്‍ ഏറെയും. പ്രവാസികളെ ആശ്രയിക്കുന്ന കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് തന്നെ കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണിത്.
രാജ്യത്ത് വിദേശികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതും സൗദി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നതുമാണ് സര്‍ക്കാരിന്റെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. സൌദിയിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്താനാണ് നിതാഖത് നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൌദിയിലെ സ്ഥാപനങ്ങളില്‍ സ്വദേശികളെ ജോലിയ്ക്ക് വയ്ക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണ്. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നവര്‍ വിസ മാറ്റണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.