സോണിയ പ്രധാനമന്ത്രിയാകുന്നത് എതിര്‍ത്തിട്ടില്ല: കലാം
ശനി, 30 ജൂണ്‍ 2012 (15:21 IST)
PTI
PTI
2004-ലെ പൊതു തെരഞ്ഞെടുപ്പിന് പിന്നാലെ സോണിയാഗാന്ധി പ്രധാനമന്ത്രിപദത്തിലെത്തുന്നതിനോട് തനിക്ക് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ലെന്ന് അന്ന് രാഷ്ട്രപതിയായിരുന്നു എപിജെ അബ്ദുള്‍ കലാമിന്റെ വെളിപ്പെടുത്തല്‍. തന്റെ പുതിയ പുസ്തകമായ ‘ടേണിംഗ് പോയിന്റ്സ്, എ ജേണി ത്രൂ ചാലഞ്ചസ്’ എന്ന പുസ്തകത്തില്‍ ആണ് കലാം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സോണിയ അവകാശവാദം ഉന്നയിച്ചിരുന്നെങ്കില്‍ തന്റെ മുന്നില്‍ മറ്റ് വഴികളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും കലാം വിശദമാക്കുന്നു. സോണിയ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു എന്നും കലാം പുസ്തകത്തില്‍ പറയുന്നുണ്ട്. പുസ്തകം അടുത്ത ആഴ്ചയാണ് പുറത്തിറങ്ങുന്നത്.
സോണിയ പ്രധാനമന്ത്രിയാകുന്നതിനോട് കലാമിന് വിമുഖതയുണ്ടായിരുന്നു എന്നും അതുകൊണ്ടാണ് അവര്‍ ആ സ്ഥാനത്തേക്ക് വരാതിരുന്നതെന്നുമുള്ള പ്രചാരണങ്ങള്‍ അന്ന് സജീവമായിരുന്നു.
അതേസമയം കലാം പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നാണ് ബി ജെ പി പ്രതികരിച്ചത്. സോണിയ ചെയ്തത് ത്യാഗമല്ല. ഉത്തരവാദിത്വങ്ങള്‍ ഇല്ലാതെ തന്നെ അധികാരം കൈയാളുകയാണ് അവര്‍. സുപ്രധാന തീരുമാനങ്ങളെല്ലാം അവരുടേതാണെന്നും ബി ജെ പി അഭിപ്രായപ്പെട്ടു.