സോണിയയെ നിരീക്ഷിക്കാന്‍ നരസിംഹറാവു നടപടിയെടുത്തിരുന്നു: വെളിപ്പെടുത്തല്‍

ശനി, 25 ജൂണ്‍ 2016 (11:29 IST)
പാര്‍ട്ടിയുമായി ഒത്തുപോകാതിരുന്ന കാലത്ത് സോണിയ ഗാന്ധിയെ നിരീക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവു ഇന്റലിജന്‍സ് ബ്യൂറോയെ ചുമതലപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. നരസിംഹ റാവുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വിനയ് സീകതാപതിയുടെ ' അര്‍ധസിംഹം: ഇന്ത്യയെ പി.വി. നരസിംഹ റാവു എങ്ങനെ മാറ്റി' എന്ന പുസ്തകത്തിലാണ് സോണിയയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തല്‍. തിങ്കളാഴ്ച പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകം ഇതിനോടകം തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.  
 
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ റാവു പ്രധാന നേതാവായി മാറിയകാലത്ത് സോണിയയും റാവുവും തമ്മില്‍ അഭിപ്രായ ഭിന്നത ശക്തമായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിറ്റേന്ന് സോണിയയുടെ വസതിയായ 10 ജന്‍പഥിലേക്ക് ഒരു ഐ.ബി. ഉദ്യോഗസ്ഥനെ നരസിംഹ റാവു നിയോഗിച്ചു. തന്നെക്കുറിച്ച് ആരൊക്കെ പരാതിപ്പെടുന്നു എന്നറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. മന്ത്രിസഭയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നവരില്‍ എത്രപേര്‍ തനിക്ക് അനുകൂലമായിട്ടുണ്ട്, എത്രപേര്‍ ജന്‍പഥിനോട് താത്പര്യമുള്ളവരുണ്ട്, എന്നിവ അന്വേഷിക്കാന്‍ റാവു ഐ.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഐ.ബി. അന്വേഷിച്ച് പട്ടിക തയ്യാറാക്കി നല്‍കിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു. 
 
നരസിംഹറാവുവിനെ നിരീക്ഷിക്കാന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസുകാരെ ഉപയോഗിച്ചിരുന്നു. രാജീവ് ഗാന്ധി വധം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ സജീവമായ സോണിയ റാവുവിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിംഗ്, എന്‍.ഡി. തിവാരി, നട്‌വര്‍ സിംഗ് എന്നിവരെ നിയോഗിച്ചു. മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ വരെ ചോര്‍ത്തിയെടുത്ത സോണിയ 1998നു ശേഷം റാവുവിനെ കോണ്‍ഗ്രസില്‍ നിന്നു തന്നെ തുടച്ചുനീക്കാനുറച്ച നടപടികളുമായി മുന്നോട്ടുപോയി. മൃതദേഹം എഐസിസി ആസ്ഥാനത്ത് കയറ്റുകപോലും ചെയ്തില്ലെന്നും പുസ്തകം ആരോപിക്കുന്നു.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക