സൂര്യയുടെ ‘സിങ്കം 2’ നെതിരെയും മുസ്ലിം സംഘടനകള്‍

ബുധന്‍, 6 ഫെബ്രുവരി 2013 (11:28 IST)
PRO
PRO
കമലഹാസന്റെ ‘വിശ്വരൂപം’ , മണിരത്നത്തിന്റെ ‘കടല്‍’, ജയംരവിയുടെ ‘ആദി ഭഗവാന്‍’ എന്നീ ചിത്രങ്ങള്‍ ശേഷം സൂര്യയുടെ ‘സിങ്കം 2’ എന്ന ചിത്രത്തിനെതിരെയും മതസംഘടനകള്‍. സിംഗം-2ലെ ചിലരംഗങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം മതസംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.

വിശ്വരൂപത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തി ചിത്രത്തിന്റെ റിലീസ് തടഞ്ഞതും മുസ്ലിം സംഘടനകള്‍ ആയിരുന്നു. സിങ്കം 2ല്‍ വില്ലനായി എത്തുന്ന കഥാപാത്രം സൊമാലിയന്‍ കടല്‍ കൊള്ളക്കാരനാണ്, ഇയാളെ മുസ്ലിമായി ചിത്രീകരിക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. നിലവിലെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിലെ ചില രംഗങ്ങള്‍ എഡിറ്റ് ചെയ്തു കളഞ്ഞേക്കും എന്നും സൂചനകള്‍ ഉണ്ട്. സംവിധായകന്‍ ഹരി ഇതിന് സമ്മതിച്ചു എന്നാണ് വിവരം.

സിങ്കം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സിങ്കം-2. അനുഷ്ക ഷെട്ടി, ഹന്‍സിക എന്നിവരാണ് ഈ ചിത്രത്തിലെ നായികമാര്‍. സൌത്ത് ആഫ്രിക്കയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. മെയില്‍ ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

മണിരത്നം സംവിധാനം ചെയ്ത ‘കടല്‍” എന്ന സിനിമയ്ക്കെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേസമയം ജയംരവിയുടെ ‘ആദി ഭഗവാന്‍’ എന്ന സിനിമയ്ക്കെതിരെ ഹിന്ദു സംഘടനകള്‍ ആണ് പ്രതിഷേധം ഉയര്‍ത്തിയത്.

വെബ്ദുനിയ വായിക്കുക