സുനന്ദയുടെ മരണം: മനീഷ് തിവാരിയെ ചോദ്യം ചെയ്തു

വ്യാഴം, 19 ഫെബ്രുവരി 2015 (09:18 IST)
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മനീഷ് തിവാരിയെ ചോദ്യം ചെയ്തത്. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ 25ഓളം ചോദ്യങ്ങള്‍ മനീഷ് തിവാരിയോട് ചോദിച്ചതായാണ് റിപ്പോര്‍ട്ട്. 
 
കഴിഞ്ഞവര്‍ഷം ജനുവരി 14ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ശശി തരൂരും സുനന്ദ പുഷ്കറും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഈ സമയത്ത് മനീഷ് തിവാരിയും വിമാനത്തില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ തമ്മില്‍ ഏതു സാഹചര്യത്തിലാണ് വഴക്ക് ഉണ്ടായത് എന്നത് സംബന്ധിച്ച് ചോദിച്ചറിയുന്നതിനു വേണ്ടിയാണ് മനീഷ് തിവാരിയെ ചോദ്യം ചെയ്തത്.
 
അതേസമയം, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. സാമ്പത്തികാന്വേഷണ സംഘമായിരിക്കും തരൂരിനെ ചോദ്യം ചെയ്യുക.
 
സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞമാസമാണ് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് സുനന്ദയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
 

വെബ്ദുനിയ വായിക്കുക