സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്രസെക്രട്ടറിക്ക് തുല്യമായ പദവി നല്‍കും. സാമ്പത്തിക സ്വയംഭരണത്തിനും അനുതി നല്‍കും. സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയെ അറിയിക്കും.
സ്വതന്ത്ര അന്വേഷണ ഏജന്‍സി എന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി തടസ്സങ്ങളാണ് നേരിടുന്നത്. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് സിബിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പേഴ്‌സണല്‍ മന്ത്രാലയത്തിലെ ഒരുസംഘം ഉദ്യോഗസ്ഥരുടെ കയ്യില്‍ സിബിഐ ശ്വാസം മുട്ടുകയാണ്.
സിബിഐ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചാല്‍ മന്ത്രാലയത്തിലെ മുഖ്യ ഉദ്യോഗസ്ഥന്‍ ഇരുപത് തടസ്സങ്ങള്‍ ഉന്നയിച്ച് തിരിച്ചടിക്കുകയാണ് പതിവെന്നും സിബിഐ അറിയിച്ചിരുന്നു. കല്‍ക്കരിപ്പാടം കൈമാറ്റ കേസ് പരിഗണിക്കുമ്പോഴാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കോടതി പരാമര്‍ശം നടത്തി. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ സ്വയംഭരണാവകാശം നല്‍കണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു.
എന്നാല്‍ സിബിഐക്ക് സ്വയംഭരണാവകാശം നല്‍കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്രസെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.