മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കാനുള്ള സമയം അതിക്രമിച്ചു എന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ. മുംബൈ ആക്രമണത്തിന്റെ യഥാര്‍ത്ഥ പ്രശ്നം മറയ്ക്കാനുള്ള പാക് ശ്രമം വിഫലമാണെന്നും കൃഷ്ണ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിലെ പങ്കാളിത്വത്തിന്റെ പേരില്‍ സയീദിനെ വിചാരണ ചെയ്യണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍, പാകിസ്ഥാന്‍ അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ സംഭവങ്ങള്‍ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍, ആക്രമണകാരികള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കുമെന്ന വിശ്വാസം ഇന്ത്യയ്ക്ക് ഇല്ലാതായിരിക്കുന്നു, കൃഷ്ണ വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ലഷ്കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹഫീസ് സയീദ് ‘കസ്റ്റഡിയില്‍’ ആണ് എന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കൃഷ്ണ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സയീദിനെ അറസ്റ്റ് ചെയ്തോ എന്ന് പാക് പ്രധാനമന്ത്രി വിശദീകരിച്ചിട്ടില്ല.
പാകിസ്ഥാന്‍ മുംബൈ ആക്രമണകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്നത് ഇന്തോ-പാക് കൂടിക്കാഴ്ചയെ ബാധിച്ചേക്കാമെന്നും കൃഷ്ണ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മുംബൈ ആക്രമണകാരികളെ വിചാരണ ചെയ്യുന്നതിലൂടെ മാത്രമേ പാകിസ്ഥാന്റെ സമീപനത്തിലെ ആത്മാര്‍ത്ഥത വെളിപ്പെടൂ എന്നും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷത്തില്‍ മാത്രമേ കൂടിക്കാഴ്ചയ്ക്ക് പ്രയോജനമുണ്ടാവൂ എന്നും കൃഷ്ണ പറഞ്ഞിരുന്നു.