കര്‍ണാടകയില്‍ സദാനന്ദ ഗൗഡ താല്‍ക്കാലിക മുഖ്യമന്ത്രി മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഇക്കാര്യം പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരി തന്നെ അറിയിച്ചുവെന്നും യദ്യൂരപ്പ പറഞ്ഞു. ഉചിതമായ സമയത്ത് തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടിയില്‍ ഒരു പദവിയും താന്‍ ആവശ്യപ്പെടില്ലെന്നും യദ്യൂരപ്പ പറഞ്ഞു.
തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് യദ്യൂരപ്പ നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 27നുള്ളില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് യദ്യൂരപ്പ ആവശ്യപ്പെട്ടത്. ഈ തീയതി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് യദ്യൂരപ്പയുടെ പുതിയ വിശദീകരണം.
സംസ്ഥാനത്ത് ഉടന്‍ നേതൃതമാറ്റമുണ്ടാവില്ലെന്ന് ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വം ഉറച്ച നിലപാടെടുത്തതോടെയാണ് തീരുമാനത്തില്‍ അയവുവരുത്താന്‍ യെദ്യൂരപ്പ തയാറായതെന്നാണ് സൂചന.