സത്യം: ജോലിക്കാരുടെ എണ്ണത്തിലും തട്ടിപ്പ്

വ്യാഴം, 22 ജനുവരി 2009 (15:40 IST)
സത്യം കമ്പ്യൂട്ടേഴ്സ് മുന്‍ ചെയര്‍മാന്‍ രാമലിംഗരാജു ഉദ്യോഗസ്ഥരുടെ എണ്ണത്തിലും തട്ടിപ്പ് കാണിച്ചതായി കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്‍.

കമ്പനിക്ക് 53,000 തൊഴിലാളികള്‍ ഉണ്ടെന്നാണ് രേഖകള്‍. എന്നാല്‍, ഇതില്‍ 13,000 പേരുകള്‍ രേഖകളില്‍ മാത്രമാണെന്നും കമ്പനിക്ക് വെറും 40,000 തൊഴിലാളികള്‍ മാത്രമേ ഉള്ളൂ എന്നതിന് തെളിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അവകാശപ്പെടുന്നു.

ഇത്തരത്തില്‍, നിലവിലില്ലാത്ത തൊഴിലാളികളുടെ ശമ്പളത്തിനായും പ്രോമോട്ടറന്മാര്‍ വന്‍‌തുക വകമാറ്റിയിരിക്കാമെന്നാണ് കേസ് അന്വേഷകര്‍ കരുതുന്നത്. അതേപോലെതന്നെ, വാര്‍ഷിക സ്ഥിരനിക്ഷേപമായ 20 കോടി രൂപയുടെ കണക്കിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് കരുതുന്നു.

ഫണ്ടില്‍ നിന്ന് കാണാതാ‍യ 1700 കോടി രൂപയില്‍ ഭൂരിഭാഗവും രാജുവിന്‍റെ അമ്മയുടെയും സഹോദരന്‍റെയും അക്കൌണ്ടുകളിലേക്ക് മാറ്റുകയും വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിക്കുകയും ചെയ്തു എന്നും അഭിഭാഷകന്‍ പറയുന്നു.

വ്യാഴാഴ്ച രാജുവിന്‍റെ പൊലീസ് കസ്റ്റഡി സമയം അവസാനിക്കുകയാണ്. രാജുവിനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സെബിയും ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക