സഞ്ജയ് ദത്ത് കീഴടങ്ങി

വ്യാഴം, 16 മെയ് 2013 (17:04 IST)
PRO
PRO
1993-ലെ മുംബൈ ബോംബ് സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ശിക്ഷിച്ച നടന്‍ സഞ്ജയ് ദത്ത് ടാഡ കോടതിയില്‍ കീഴടങ്ങി.

ഏത് ജയിലിലാവും സഞ്ജയ് ദത്ത് കഴിയേണ്ടതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആര്‍തര്‍ റോഡ് ജയിലിലേക്കാവും ആദ്യം അയയ്ക്കുക. പിന്നീട് യെര്‍വാദ ജയിലിലേക്ക് മാറ്റും. വിചാരണത്തടവുകാരെ ആര്‍തര്‍ റോഡ് ജയിലിലും കുറ്റക്കാരെ യെര്‍വാദ ജയിലിലുമാണ് സാധാരണ പാര്‍പ്പിക്കുക.

ആര്‍തര്‍ റോഡ് ജയിലിനുള്ളിലെ പ്രത്യേക കോടതിയുടെ മുമ്പാകെ കീഴടങ്ങാതെ പുണെ യെര്‍വാദ ജയിലിലെത്തി കീഴടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഞ്ജയ് ദത്ത് അപേക്ഷ നല്‍കിയിരുന്നെങ്കിലും അവസാനം പിന്‍വലിക്കുകയായിരുന്നു. അപേക്ഷയില്‍ വാദംകേട്ട ജഡ്ജി ജിഎ സനപ് സര്‍ക്കാറിനോടും സിബിഐയോടും ബുധനാഴ്ച മറുപടി സമര്‍പ്പിക്കാനാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ദത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം, ആര്‍തര്‍ റോഡ് ജയിലില്‍ ബുധനാഴ്ച അജ്ഞാതകത്ത് ലഭിച്ചു. ജയിലില്‍ ദത്തിന് വധഭീഷണി ഉണ്ടെന്നായിരുന്നു കത്തില്‍. ആര്‍തര്‍ റോഡ് ജയില്‍ സുരക്ഷിതമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് യെര്‍വാദ ജയിലില്‍ കീഴടങ്ങാമെന്ന് ദത്ത് അപേക്ഷ നല്‍കിയത്.

സുപ്രീംകോടതി വിധിപ്രകാരം സഞ്ജയ് ദത്ത് ഇനി മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിയണം. മെയ് 10-ന് സഞ്ജയ് ദത്തിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കീഴടങ്ങാന്‍ നാലാഴ്ച അനുവദിച്ചിരുന്നു. ഒമ്പത് എംഎം തോക്കും എകെ 56 തോക്കും കൈവശംവെച്ചതിനാണ് ടാഡ കോടതി സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക