സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് തള്ളി

വെള്ളി, 18 ഒക്‌ടോബര്‍ 2013 (15:00 IST)
PRO
രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ് തള്ളി. നിര്‍ദ്ദേശത്തോട് സിപിഐ യോജിച്ചു. എന്നാല്‍ ബിജെപി, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ കമ്മീഷനെ നിലപാട് അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഫണ്ട് സ്വീകരിക്കുന്നതടക്കം പത്ത് കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞത്.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 30നകം സംഭാവനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കണമെന്നും ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ക്ക് നിര്‍ബന്ധമായും ബാങ്ക് രേഖകള്‍ ഉണ്ടാകണം. ലഭിക്കുന്ന സംഭാവനകള്‍ നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും തള്ളിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയത്. സംഭാവനകള്‍ സംബന്ധിച്ച് നിലവിലെ രീതി തുടര്‍ന്നാല്‍ മതിയെന്നും പാര്‍ട്ടി അറിയിച്ചു.

രാജ്യത്തെ 49 പ്രാദേശിക പാര്‍ട്ടികളില്‍ 4 പാര്‍ട്ടികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതികരണം അറിയിച്ചത്. എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സോറം നാഷ്ണലിസ്റ്റ് പാര്‍ട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പ്രാദേശിക പാര്‍ട്ടികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തോട് യോജിച്ചത്.

വെബ്ദുനിയ വായിക്കുക