ശ്രീനഗറില്‍ തീവ്രവാദികളെ വധിച്ചു

വ്യാഴം, 7 ജനുവരി 2010 (13:28 IST)
PRO
ഇരുപത്തിരണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം ലാല്‍ ഛൌക്കിലെ ഹോട്ടലില്‍ ഒളിച്ച തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. തീവ്രവാദികളില്‍ ഒരാള്‍ പാകിസ്ഥാനിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദികള്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിക്കുകയും ചെയ്തു.

തീവ്രവാദികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് ഒരാള്‍ പാകിസ്ഥാനിയാണെന്ന് പൊലിസ് സ്ഥിരീകരിച്ചത്. ക്വാരി എന്നാണ് ഇയാളുടെ പേര്. സോപോരില്‍ നിന്നുള്ള ഉസ്മാന്‍ എന്നയാളാണ് രണ്ടാമത്തെ തീവ്രവാദിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത് ഇവരുടെ യഥാര്‍ത്ഥ പേരുകളാണോയെന്ന് വ്യക്തമല്ല.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് തീവ്രവാദികള്‍ സി‌ആര്‍‌പി‌എഫ് ക്യാമ്പിന് നേര്‍ക്ക് ബോംബെറിഞ്ഞത്. ഇതിനു ശേഷം ഇവര്‍ സമീപമുള്ള പഞ്ചാബ് ഹോട്ടലിലേക്ക് രക്ഷപെടുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ ഹോട്ടലിനുള്ളിലേക്ക് സൈനികര്‍ കയറിയെങ്കിലും ഗ്രനേഡ് എറിഞ്ഞും വെടിയുതിര്‍ത്തും തീവ്രവാദികള്‍ കടുത്ത പ്രത്യാ‍ക്രമണം നടത്തുന്നുണ്ടായിരുന്നു.
ആള്‍‌നാശം ഒഴിവാക്കാന്‍ ലക്‍ഷ്യമിട്ട് ക്ഷമയോടെയായിരുന്നു സൈന്യത്തിന്‍റെ നീക്കം. തീവ്രവാദികള്‍ രക്ഷപെടുന്നത് ഒഴിവാക്കാന്‍ രാത്രിയില്‍ സൈന്യം ആക്രമണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും പരസ്പരം വെടിവെയ്പ് ആരംഭിച്ചത്. മുന്‍ കരുതലെന്ന നിലയ്ക്ക്
പ്രദേശത്തുനിന്നും രണ്ടായിരത്തോളം പേരെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.

സംഭവത്തിന്‍റെ ഉത്തരവാദിത്വം ജമായിത് ഉല്‍ മുജാഹിദീന്‍ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ലഷ്കര്‍ ബന്ധമുള്ള തീവ്രവാദികളാണിവരെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ഇന്ന് കൊല്ലപ്പെട്ടതോടെയാണിത്. തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. സി‌ആര്‍‌പി‌എഫ് ജവാന്‍‌മാര്‍ക്കും ഒരു ചാനല്‍ ക്യാമറാ‍മാന്‍ ഉള്‍പ്പെടെ ആറ് സാധാരണക്കാര്‍ക്കും പരുക്കേറ്റിരുന്നു.

വെബ്ദുനിയ വായിക്കുക