ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനും അവരെ വ്യത്യസ്തമായ മേഖലകളിലേക്ക് കൊണ്ടു വരുന്നതിനുമായി സയന്‍സ് ഫോറം സംഘടിപ്പിക്കുന്നു. ശാരീരിക വൈകല്യമുള്ളവരുടെ ജീവിത നിലവാരം ഉയര്‍ത്തുക, വ്യത്യസ്തമായ രീതികളിലൂടെ ജീവിതത്തില്‍ സന്തോഷവും മറ്റുള്ളവരെ പോലെ പങ്കാളിത്തവും ഉണ്ടാക്കുക, ഇത്തരം ആളുകള്‍ തഴയപ്പെടുന്ന മേഖലകളില്‍ ഇവരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുക എന്നീ ലക്‍ഷ്യങ്ങളോടെയാണ് സയന്‍സ് ഫോറം സംഘടിപ്പിക്കുന്നത്. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന “സയന്‍സ് ഫോറം ഫോര്‍ ദ ഡിഫറണ്ട്‌ലി - ഏബിള്‍ഡ് പീപ്പിള്‍“ എന്ന സംഘടനയാണ് ഫോറം സംഘടിപ്പിക്കുന്നത്.
മെഡിസിന്‍, എഞ്ചിനിയറിംഗ്, സോഷ്യല്‍ സയന്‍സ് എന്നിങ്ങനെ മൂന്ന് മേഖലകളെ അടിസ്ഥാനമാക്കിയാണ് ഫോറം സംഘടിപ്പിക്കുന്നത്. പുതിയ ചികിത്സാ രീതികളെ കുറിച്ച് ശാരീരിക വൈകല്യമുള്ളവരെ ഉദ്‌ബോധിപ്പിക്കുക, ഉപകരണങ്ങളും മറ്റ് വസ്തുക്കളും രൂപകല്‍പ്പനചെയ്യുന്നതിനുള്ള സഹായം, വിദ്യാഭ്യാസ സാധ്യതകള്‍, ജീവിതരീതി, കൌണ്‍സിലിംഗ് എന്നിങ്ങനെ നിരവധി മേഖലകള്‍ ഫോറത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരിക വൈകല്യമുള്ളവരെ സഹായിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഒത്തൊരുമിക്കാനുള്ള ഒരു വേദി കൂടിയാകുമിത്.
പരിപാടിയുടെ ഭാഗമായി ഈ മൂന്ന് വിഭാഗങ്ങളിലും ആയിരം വാക്കില്‍ കവിയാത്ത ലേഖനമെഴുത്ത് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷിലായിരിക്കണം ലേഖനം. ലേഖനത്തിലെ പട്ടിക, ഗ്രാഫ്, ഡയഗ്രം എന്നിവ നാലെണ്ണത്തില്‍ കൂടുതലാകരുത്. 12 എന്ന ഫോണ്ട് വലുപ്പത്തില്‍ ടൈംസ് ന്യൂ റോമന്‍ ഫോണ്ടിലാകണം ലേഖനം എഴുതേണ്ടത്. ലേഖനം സമര്‍പ്പിക്കുന്നതിന് മുമ്പായി ലേഖനത്തിന്റെ സംഗ്രഹം 100-150 വരെ വാക്കുകളില്‍ വിവരിക്കണം. കൂടാതെ നാല് കീവേഡുകളും നല്‍കേണ്ടതാണ്. ഈ സംഗ്രഹം ഫെബ്രുവരി 29നു മുമ്പായി സമര്‍പ്പിക്കണം. ലേഖനം സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച് ആണ്. സെമിനാര്‍ നടക്കുന്നത് മാര്‍ച്ച് പത്തിന് ഗിണ്ടി അണ്ണാ യൂണിവേഴ്സിറ്റിയിലെ ഹെന്‍ട്രി മോഡ്സ്ലി ഹാളിലാണ്.
ലേഖനം അയയ്ക്കേണ്ട വിലാസം:
Organizing Secretary, Science Forum for the Differently-abled People TNHFCT, 21 AA, Erikarai Salai, Koturpuram Chennai - 600 085 Phone: 9962528232/ 044-32927664