വ്യാജ പൈലറ്റ് നടത്തിയത് 6,500 പറക്കലുകള്‍!

ചൊവ്വ, 15 മാര്‍ച്ച് 2011 (11:04 IST)
PRO
വ്യാജ ലൈസന്‍സ് കേസില്‍ അറസ്റ്റിലായ പൈലറ്റ് ജെ കെ വര്‍മ്മ 6, 500 തവണ വിമാനം പറത്തിയ ശേഷമാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 22 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ ജോലിനോക്കുകയായിരുന്നു വര്‍മ്മ.

1989 മുതല്‍ എയര്‍ ഇന്ത്യയിലെ സഹപൈലറ്റായിരുന്ന വര്‍മ്മ പൈലറ്റ് ലൈസന്‍സ് നേടാനുള്ള പരീക്ഷകളില്‍ ഭാഗ്യം പരീക്ഷിച്ചു എങ്കിലും വിജയം അനുഗ്രഹിച്ചില്ല. ആകാശഗമനം, അന്തരീക്ഷം, വിമാനം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പരീക്ഷകളാണ് ലൈസന്‍സ് ലഭിക്കുന്നതിന് നിര്‍ബന്ധമായും പാസാവേണ്ടത്.

പരീക്ഷകളില്‍ സ്ഥിരമായി തോല്‍‌വി രുചിച്ചതോടെയാണ് മാര്‍ക്ക് ഷീറ്റ് തിരുത്താന്‍ വര്‍മ്മ നിര്‍ബന്ധിതനായത്. ഇയാള്‍ 10 - 12 ലക്ഷം രൂപ നല്‍കിയിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റില്‍ നിന്നും വര്‍മ്മയ്ക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.

കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ രണ്ട് വ്യാജ പൈലറ്റുമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സസ്പെന്‍ഷനിലായിരുന്ന ഇന്‍ഡിഗോ പൈലറ്റ് പര്‍മീന്ദര്‍ കൌര്‍ ഗുലാത്തിയെ അറസ്റ്റ് ചെയ്തതോടെയാണ് വ്യാജ പൈലറ്റുമാരെ കുറിച്ച് ഡിജിസി‌എ ഗൌരവമായി ചിന്തിച്ചു തുടങ്ങിയത്. ഇന്‍ഡിഗോയിലെ തന്നെ മറ്റൊരു പൈലറ്റായ മീനാക്ഷി സൈഗളും എം ഡി എല്‍ ആറിലെ മറ്റൊരു പൈലറ്റായ സ്വരണ്‍ സിംഗും ഒളിവില്‍ പോയിരിക്കുകയാണ്.




വെബ്ദുനിയ വായിക്കുക