ആദ്യമായിട്ടാണ് ചിബൗകേരയില്‍ വൈദ്യുതി എത്തിയത്. പക്ഷെ വൈദ്യുതി പോസ്റ്റ് കണ്ട നാട്ടുകാര്‍ ചെകുത്താന്‍ കുരിശു കണ്ട് ഓടുന്നതുപോലെയാണ് ഓടിയത്. ഓട്ടത്തിനു കാരണം മറ്റൊന്നുമല്ല, പോസ്റ്റില്‍ തൊട്ട നാട്ടുകാര്‍ പലരും ഷോക്കേറ്റു തെറിച്ചു വീണു. ഇപ്പോള്‍ വൈദ്യുതി പോസ്റ്റ് ചിബൗകേരയിലെ നിവാസികള്‍ക്ക് പേടി സ്വപ്നമാണ്.
വൈദ്യുതി പോസ്റ്റുകളില്‍ അധികൃതര്‍ ഇന്‍സുലേറ്ററുകള്‍ ഘടിപ്പിക്കാന്‍ മറന്നതാണു ഷോക്കിനു കാരണം. പക്ഷേ ഇതൊക്കെ വിശദീകരിച്ചു കൊടുത്തിട്ടും നിരക്ഷരായ ജനങ്ങള്‍ക്ക് ഇപ്പോള്‍ പോസ്റ്റില്‍ തൊടാന്‍ പോയിട്ട് കാണാന്‍ പോലും ഭയമാണ്.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷങ്ങളായിട്ടും ഈ കഴിഞ്ഞ മാര്‍ച്ച് 20നാണ് ഇവിടെ വൈദ്യുതി കിട്ടിയത്. ചിബൗകേരയില്‍ 20,000ത്തോളം ആളുകള്‍ വസിക്കുന്നുണ്ട്. ലക്‌നൌ വൈദ്യുതി വിതരണ കേന്ദ്രത്തിലെ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ക്കാണ് ഇവിടെ വൈദ്യുതീവല്‍കരിക്കുന്നതിന്റെ ചുമതല.
ഇപ്പോള്‍ ദിവസത്തില്‍ 12 മണിക്കൂര്‍ ഇവിടെ വൈദ്യുതി ലഭിക്കുന്നുണ്ട്. രാത്രികാലങ്ങളിലാണ് അധികവും വൈദ്യുതി ഉണ്ടാവുക. വൈദ്യുതി എത്തുന്നതിനേക്കാള്‍ മുമ്പേ സെല്‍ഫോണ്‍ ഇവിടെ എത്തിയിരുന്നു. ഗ്രാമവാസികള്‍ക്ക് വൈദ്യുതി കൊണ്ടുള്ള ഇപ്പോഴത്തെ പ്രധാന ഉപയോഗം സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യുകയെന്നതാണ്.
ജനങ്ങള്‍ക്ക് ഷോക്കേറ്റത്തോടെ വൈദ്യുതി പോസ്റ്റ് നാട്ടിയ ജില്ലാ നഗര വികസന അതോറിറ്റി പോസ്റ്റുകളില്‍ ഇന്‍സുലേറ്ററുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. ഗ്രാമത്തിലെ പതിനഞ്ചോളം ആളുകള്‍ക്ക് വൈദ്യുതി പോസ്റ്റില്‍ നിന്നു ഷോക്കേറ്റിരുന്നു.