വിവാഹ തട്ടിപ്പ് വീരനെ ഭാര്യയിലൂടെ പൊലീസ് കുടുക്കി

വ്യാഴം, 30 ഓഗസ്റ്റ് 2012 (13:25 IST)
PRO
PRO
വിവാഹ തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആറ് പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച വിജയ്കുമാര്‍ സിംഗിനെയാണ് റോഹ്താസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്റ്ലിജെന്‍സ് ബ്യൂറോയില്‍ ഓഫിസറാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഓരോ വിവാഹവും കഴിച്ചത്.

ബിഹാറിലെ നൂര്‍സാരായി പ്രദേശവാസിയായ വിജയ് കുമാര്‍ സിംഗ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാര്‍ഖണ്ടില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ പോയതിനുശേഷമാണ് കല്യാണ പരമ്പര ആരംഭിക്കുന്നത്. സഹോദരിയുടെ വീടിന്റെ സമീപത്തുള്ള നിത എന്ന പെണ്‍കുട്ടിയുമായിട്ടാണ് ആദ്യ വിവാഹം നടന്നത്. ഈ വിവാഹത്തില്‍ ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുഷ്പ എന്ന പൊലീസ് കോണ്‍സ്റ്റബിളുമായി ആയിരുന്നു വിജയുടെ വിവാഹം നടന്നത്. ഐബി ഓഫിസര്‍ എന്നു പറഞ്ഞാണ് വിജയ് പുഷ്പയെയും കബളിപ്പിച്ചത്. പുഷ്പ വഴി ലോണ്‍ എടുത്ത് വിജയ് കാറും വാങ്ങിയിരുന്നു. തുടര്‍ന്ന് നീതു, ഷീല, സോണി എന്നീ പെണ്‍കുട്ടികളെയും വിവാഹം ചെയ്തു. എല്ലാ വീട്ടുകാരില്‍ നിന്നും വലിയ സ്ത്രീധനവും ഇയാള്‍ കൈക്കലായിരുന്നു.

അവസാനമായി 2012 മാര്‍ച്ചില്‍ റോഹ്താസിലെ ഒരു ബാങ്ക് ജീവനക്കാരന്റെ മകളായ പൂനത്തെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് വിവാഹ തട്ടിപ്പ് വീരന്റെ കളികള്‍ വെളിയിലായത്. വിവാഹത്തിന്റെ ആദ്യ നാളുകള്‍ ഏറെ സന്തോഷകരമായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം വിജയ് തന്റെ നീണ്ട നാളത്തെ അവധി കഴിഞ്ഞുവെന്നും തിരികെ പുതിയ ഒരു മിഷനു വേണ്ടി പോകണമെന്നും പൂനത്തെ അറിയിച്ചു.ഇതിനു ശേഷം ഒരു നാള്‍ വിജയ്‌യുടെ രണ്ട് ഭാര്യമാര്‍ ഇയാളെ ഫോണില്‍ വിളിച്ചിരുന്നു. ഇത് മനസ്സിലാക്കിയ അമ്മായിഅചഛന് വിജയില്‍ സംശയം ഉളവാക്കി. ഇത് പൂനത്തെ അറിയച്ചതിനെ തുടര്‍ന്ന് മറ്റ് ഭാര്യമാരുമായി പൂനം നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് തട്ടിപ്പ് മനസിലാക്കിയത്.

തട്ടിപ്പ് മനസിലാക്കിയ പൂനം വിജയ്ക്കെതിരെ റോഹ്താസ് എസ്പി മഹരാജിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിജയ്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് വര്‍ഷത്തിനിടയില്‍ ആറ് പേരെ വിവാഹം ചെയ്തതായി ഇയാള്‍ സമ്മതിച്ചുണ്ടെന്നും ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്നും എസ്പി അറിയിച്ചു.


വെബ്ദുനിയ വായിക്കുക