വിലക്ക് നീങ്ങി; ഇന്ത്യക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാം
ബുധന്‍, 15 മെയ് 2013 (16:50 IST)
PRO
PRO
ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഇന്ത്യയെ വിലക്കിയ നടപടി പിന്വലിച്ചു. ഐഒസി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. നിലവിലെ ഭാരവാഹികളുടെ തെരഞ്ഞടുപ്പ് റദ്ദാക്കാന്‍ ലുസാനില്‍ ചേര്‍ന്ന ഐഒസി യോഗം തീരുമാനിച്ചു. കേന്ദ്ര കായികമന്ത്രി ജിതേന്ദ്രസിംഗിന്‍റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് രാജ്യാന്തര കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഒളിമ്പിക്‌സ് ചാര്‍ട്ടിന് വിരുദ്ധമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയതും കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലനില്‍ക്കുന്ന ലളിത് ഭാനോട്ടിനെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ആക്കിയതുമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഒളിമ്പിക്‌സ് കമ്മറ്റി ഇന്ത്യയെ വിലക്കിയത്.
കായിക സംഘടനകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആയിരിക്കരുതെന്നാണ് ഒളിമ്പിക്‌സ് കമ്മിറ്റി നിയമം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതും ഇന്ത്യയെ ഒളിമ്പിക്‌സില്‍നിന്നും വിലക്കാനുള്ള മറ്റൊരു കാരണമായി. ഒളിമ്പിക് വിലക്ക് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കായിക കോഡിലെ വ്യവസ്ഥകള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ ശ്രമിച്ചു വരുകയായിരുന്നു. കായികഭരണം അഴിമതിമുക്തമാകുന്ന കായികകോഡിന്റെ കരട് കായിക മന്ത്രാലയം രാജ്യാന്തര ഒളിമ്പിക് കമ്മറ്റിക്ക് കൈമാറിയിരുന്നു.
മാര്‍ഗ്ഗരേഖ രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയുടെ അടുത്ത യോഗത്തില്‍ അംഗീകരിക്കാനാണ് സാധ്യത. അതേസമയം കായികകോഡ് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് വി കെ മല്‍ഹോത്രയും ഇന്ത്യയുടെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രതിനിധി രണ്‍ദീര്‍ സിംഗും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഇരുവരും പങ്കെടുക്കാതെ ഐഎഒ ഐഒസി ചര്‍ച്ച നടത്തരുതെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ഏഷ്യ ഘടകം ആവശ്യപ്പെട്ടിരുന്നു.