വിജയ് രുപാണി ഗുജറാത്ത് മുഖ്യമന്ത്രിയാകും. നിതിന്‍ പട്ടേലായിരിക്കും ഉപമുഖ്യമന്ത്രി. വരുന്ന ഞായറാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
എം എല്‍ എമാരുടെ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രുപാണിയെ നേതാവായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെയും മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തിലായിരുന്നു യോഗം.
ബി ജെ പി സംസ്ഥാന അധ്യക്ഷനാണ് വിജയ് രുപാണി. കഴിഞ്ഞ ആനന്ദി ബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗതം, ജലവിതരണം, തൊഴില്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
2014ല്‍ രാജ്കോട്ട് വെസ്റ്റ് സീറ്റില്‍ നിന്ന് ജയിച്ചാണ് രുപാണി ആദ്യമായി എം എല്‍ എ ആകുന്നത്. യാതൊരു വിവാദങ്ങളുടെയും പശ്ചാത്തലമില്ലാത്ത നേതാവാണ് വിജയ് രുപാണി. മാത്രമല്ല, ബി ജെ പിയില്‍ സര്‍വ്വസമ്മതന്‍ കൂടിയാണ് അദ്ദേഹം.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം ദിവസങ്ങളായി നിലനിന്നിരുന്നു. എന്നാല്‍ അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനത്തുതന്നെ തുടരുമെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കിയതോടെയാണ് ആ അഭ്യൂഹം ഒഴിഞ്ഞത്.