അതിവേഗതയില്‍ വന്ന വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു. ചൊവ്വാഴ്ച രാത്രി മുംബൈ വാശിയിലാണ് സംഭവം. ആണ്‍പുള്ളിപ്പുലിയാണ് ചത്തത്. ആണ്‍പുള്ളിപ്പുലിയും ഇണയും കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വേഗത്തില്‍ വന്ന വാഹനം ആണ്‍ പുള്ളിപ്പുലിയെ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മുംബൈ - അഹമദബാദ് ദേശീയപാതയില്‍ രാത്രി പത്തരയോടെ ആയിരുന്നു അപകടം. അപകടം നടന്ന് ഉടന്‍ തന്നെ ആണ്‍പുള്ളിപ്പുലി ചത്തു. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട പെണ്‍പുള്ളിപ്പുലി ഭയചകിതയായി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട് ഓടിപ്പോയി.
ഒരു വയസ്സ് പ്രായമുള്ള പുള്ളിപ്പുലിയാണ് ഇതെന്നും ഭക്ഷണത്തിനു വേണ്ടി പുറത്തിറങ്ങിയത് ആയിരിക്കുമെന്നും തുംഗരേശ്വര്‍ വനമേഖലയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടയ്ക്കിടെ രാത്രി പുള്ളിപ്പുലികള്‍ റോഡ് മുറിച്ചു കടക്കാറുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ചത്ത പുലിയുടെ ശരീരം കൂടുതല്‍ പരിശോധനകള്‍ക്കായി ബൊറിവ്‌ലിയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലേക്ക് അയച്ചു.