വാതുവയ്പില്‍ ബാറ്റ്സ്മാന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്‌ കോടതി

വെള്ളി, 31 മെയ് 2013 (15:24 IST)
PRO
ഐപിഎല്‍ വാതുവയ്പില്‍ ബാറ്റ്സ്മാന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്‌ കോടതി. ബൗളര്‍ വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബാറ്റ്സ്മാന്‍ എന്താണ്‌ ചെയ്യുന്നതെന്നായിരുന്നു വിചാരണക്കിടെ കോടതിയുടെ സംശയം‌.

ബൗളര്‍ 13 റണ്‍സ്‌ വഴങ്ങാമെന്ന്‌ വാതുവയ്പുകാരോടു പറയുന്നത് ബാറ്റ്സ്മാന്‍ അറിയുന്നുണ്ടോയെന്നും ഇല്ലെങ്കില്‍ എങ്ങിനെ ഏകദേശം കൃത്യമായ റണ്‍സ്‌ അയാള്‍ അടിച്ചെടുക്കുന്നുവെന്നാണ്‌ അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജ്‌ വിനയ്‌ കുമാര്‍ ഖാന്ന ഡല്‍ഹി പൊലീസിനോട്‌ ചോദിച്ചത്‌.

അങ്കിത്‌ ചവാന്‍ ബൗള്‍ ചെയ്യുമ്പോള്‍ ആരാണ്‌ ബാറ്റ്‌ ചെയ്തിരുന്നത്‌. അയാളുടെ നിയന്ത്രണത്തിലും ചില കാര്യങ്ങള്‍ ഉണ്ടായിരുന്നിരിക്കണമെന്നും ബാറ്റ്സ്മാന്‍ ഉള്‍പ്പെടാതെ ബൗളര്‍ എങ്ങിനെ റണ്‍സ്‌ കൊടുക്കുന്നുവെന്ന്‌ തനിക്ക്‌ മനസിലാകുന്നില്ലെന്നും ജഡ്ജ്‌ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ മേയ്‌ 15 നു നടന്ന മത്സരത്തിന്റെ രണ്ടാം ഓവറിലാണ്‌ അങ്കിത്‌ ചവാന്‍ 13 റണ്‍സ്‌ വിട്ടു കൊടുത്തത്‌. അങ്കിത്‌ ചവാന്‍ 13 റണ്‍സ്‌ വിട്ടുകൊടുക്കാമെന്ന്‌ വാതുവയ്പുകാരോടു പറയുന്ന ഫോണ്‍ സംഭാഷണം പിടിച്ചെടുത്തിട്ടുളളതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

60 ലക്ഷം രൂപയാണ്‌ ഇതിനു പ്രതിഫലമായി നല്‍കാമെന്ന്‌ വാതുവയ്പുകാര്‍ സമ്മതിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ഈ ഘട്ടത്തിലാണ്‌ വാദത്തില്‍ ഇടപെട്ടുകൊണ്ട്‌ ഏതെങ്കിലും ബാറ്റ്സ്മാന്‍ വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണേ്ടാ എന്ന്‌ കോടതി ചോദിച്ചത്‌.

വെബ്ദുനിയ വായിക്കുക