വനിതാ പൈലറ്റോ? എങ്കില്‍ യാത്ര വേണ്ട!

വെള്ളി, 25 ഫെബ്രുവരി 2011 (16:39 IST)
PRO
മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ വൈകുന്നത് പതിവ് കാര്യമാണ്. എന്നാല്‍ വെള്ളിയാഴ്ച മുംബൈയിലേക്കുള്ള ഒരു വിമാനം ഒന്നര മണിക്കൂര്‍ വൈകിയത് മറ്റൊരു കാരണത്താലായിരുന്നു - വിമാനം പറത്തുന്നത് ഒരു വനിത പൈലറ്റ് ആയതാണ് പ്രശ്നം സൃഷ്‌ടിച്ചത്.

8.10നു പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ 6ഇ 179 വിമാനം ചെറിയ മൂടല്‍മഞ്ഞ് കാരണം അല്‍‌പം വൈകിയായിരുന്നു പുറപ്പെടാ‍ന്‍ തയ്യാറായത്. ഒമ്പത് മണിക്ക് വിമാനം പുറപ്പെടും എന്ന അറിയിപ്പ് വന്നപ്പോഴാണ് മധ്യവയസ്കനായ ഒരു യാത്രക്കാരന്‍ പ്രശ്നമുണ്ടാക്കിയത്.

ഒരു വനിതയ്ക്ക് എങ്ങനെ വിമാനം നിയന്ത്രിക്കാനാവും? അവര്‍ പറത്തിയാല്‍ ഞങ്ങള്‍ ജീവനോടെ വീട്ടിലെത്തില്ല, എന്നു തുടങ്ങിയ ആരോപണങ്ങളുമായി ഇയാള്‍ ബഹളംവച്ചു. എയര്‍ഹോസ്റ്റസുമാരോടും ഇയാള്‍ കയര്‍ത്തു. ഇതുകേട്ട മറ്റ് യാത്രക്കാരും ബഹളം വയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നാല്‍പ്പത് മിനിറ്റ് നേരത്തേക്ക് യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.

ഒടുവില്‍, വിമാനത്തില്‍ നിന്ന് ഇറക്കിവിടും എന്ന ഭീഷണി ഉയര്‍ത്തിയപ്പോഴാണ് ഇയാള്‍ ശാന്തനായത്. ഇയാള്‍ക്ക് മാനസികവിഭ്രാന്തി ഉള്ളതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക