ലോക്പാല്‍ ബില്‍ സംയുക്ത സമിതി നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഇത് പരസ്യമാക്കാന്‍ നേരത്തെ പഴ്സനല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ടുമെന്റ് വിസമ്മതിച്ചിരുന്നു. ഇതിന് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു വാദം.
ശബ്ദരേഖ പരസ്യപ്പെടുത്തുന്നതിലൂടെ കേന്ദ്രസര്‍ക്കാരും അണ്ണാഹസാരെയും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനാവും. അണ്ണാ ഹസാരെ സംഘവും കേന്ദ്രമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലെ നാടകീയ സംഭവങ്ങളും വാദപ്രതിവാദങ്ങളും സി ഡി യില്‍ ഉണ്ടാകുമെന്ന് കരുതുന്നു. 450 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാല്‍ സി ഡികളുടെ കോപ്പികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഒന്‍പത് സി ഡികളാണ് ഉണ്ടാവുക.
പൊതുപ്രവര്‍ത്തകന്‍ എസ്സി അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ശബ്ദരേഖ പരസ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്പാല്‍ ബില്ലിന് അന്തിമ രൂപം നല്‍കാനായുള്ള സമിതിയില്‍ ഹസാരെ സംഘത്തിലെ അഞ്ചുപേരും അഞ്ച് കേന്ദ്രമന്ത്രിമാരുമാണ് ഉള്ളത്.