ലോക്പാല്‍ ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാകും?

വെള്ളി, 23 മാര്‍ച്ച് 2012 (15:21 IST)
PRO
PRO
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസ്സാക്കുന്നതിനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സമവായം ഉണ്ടായില്ല. എന്നാല്‍ ചില വിഷയങ്ങളില്‍ ധാരണയായിട്ടുണ്ട്. ഇതോടെ ലോക്പാല്‍ ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസ്സാക്കാനുള്ള സാധ്യത തെളിയുകയാണ്. എന്നാല്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ മാത്രമേ ഇത് നടക്കാന്‍ സാധ്യതയുള്ളൂ. ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി യോഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

അഴിമതിക്കേസുകളുടെ മേല്‍നോട്ടത്തിനുള്ള അധികാരം ലോക്പാലിന് നല്‍കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇത് പ്രകാരം സിബിഐ ഉള്‍പ്പെടെയുളള ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുടെ മേല്‍നോട്ടം ലോക്പാലിനായിരിക്കും.

ലോകായുക്തയുടെ ഘടന നിര്‍ണ്ണയിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കും. ലോക്പാല്‍ അംഗങ്ങളെ മാറ്റാനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കും. ശീതകാല സമ്മേളനത്തില്‍ ലോക്സഭ പാസാക്കിയ ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പരാജയപ്പെടുമെന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ പ്രതിപക്ഷ പിന്തുണ വേണം. ഞായറാഴ്ച ഡല്‍ഹിയില്‍ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ സംഘം അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചത്.

കേന്ദ്രമന്ത്രിമാരായ പി ചിദംബരം, എ കെ ആന്റണി, പ്രണബ് മുഖര്‍ജി, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി, സിപിഐ നേതാക്കള്‍ എന്നിവരെല്ലാം സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കിടെ ലോക് ജനശക്തി പാര്‍ട്ടിയും ആര്‍ ജെ ഡിയും എതിര്‍പ്പുകളുമായി രംഗത്തെത്തുകയും ചെയ്തു.

English Summary: Prime Minister Manmohan Singh's all-party meet has failed to evolve a consensus on the Lokpal Bill.

വെബ്ദുനിയ വായിക്കുക