ലാലുവിന്‍റെ മക്കള്‍ക്ക്‘ഹാപ്പി അടി’

Webdunia
വ്യാഴം, 3 ജനുവരി 2008 (09:55 IST)
റയില്‍‌വെ മന്ത്രി ലാലു പ്രസാദ് യാദവിന്‍റെ രണ്ട് പുത്രന്‍‌മാര്‍ക്കും ഈ പുതുവര്‍ഷം കരുതി വച്ചത് നല്ല ചുട്ട അടിയായിരുന്നു. ഇവര്‍ ഒരു പാര്‍ട്ടികഴിഞ്ഞ് വരുമ്പോള്‍ പെണ്‍കുട്ടികളോട് അശ്ലീല കമന്‍റ് പാസാക്കിയതാണ് അടിയില്‍ കലാശിച്ചത്.

പുതുവത്സര ദിനത്തില്‍ ഡല്‍ഹിയിലെ അശൊക ഹോട്ടലിലും തുടര്‍ന്ന് കൊണാട്ട് പ്ലേസിലും വച്ച് ലാലുവിന്‍റെ പുത്രന്‍‌മാരായ തരുണും തേജ്‌പാലും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയിരുന്നു എന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

കൊണാട്ട് പ്ലേസില്‍ നിന്ന് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലുള്ള ഛത്തര്‍പൂരില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഇവര്‍ പോയിരുന്നു. അവിടെ നിന്ന് മടങ്ങുമ്പോള്‍ വഴിയരുകിലെ ഒരു ഫാം ഹൌസില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികളെയും ഇവര്‍ വെറുതെ വിട്ടില്ല.

എന്നാല്‍, പെണ്‍കുട്ടികളോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചതിനെതിരെ ഒരു കൂട്ടം യുവാക്കള്‍ രംഗത്ത് എത്തുകയും മന്ത്രി പുത്രന്‍‌മാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ ബഹളത്തില്‍, മന്ത്രി പുത്രന്‍‌മാരെ അനുഗമിച്ചിരുന്ന സുരക്ഷാ ഉദ്യൊഗസ്ഥന്‍റെ കൈത്തോക്ക് നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ച് മന്ത്രി പുത്രന്‍‌മാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കവെയാണ് തോക്ക് നഷ്ടപ്പെട്ട വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.