രാഹുല്‍ കര്‍ണാടകയിലേക്ക്; മോഡിക്ക് മറുപടി നല്‍കുമോ?

ബുധന്‍, 1 മെയ് 2013 (11:22 IST)
PRO
PRO
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും തമ്മിലുള്ള വാക് യുദ്ധത്തിന് വേദിയാവുകയാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. രാഹുല്‍ഗാന്ധി ഇന്ന് വീണ്ടും സംസ്ഥാനത്ത് പ്രചരണത്തിന് എത്തുമ്പോള്‍ കഴിഞ്ഞ ദിവസം മോഡി നടത്തിയ പരിഹാസത്തിന് മറുപടി നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു വ്യക്തിക്ക് തനിച്ച് ചരിത്രഗതിയെ മാറ്റാന്‍ കഴിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മോഡി മറുപടി പറഞ്ഞത് ജമ്മു കാശ്മീരിനെ ഒപ്പം നടത്തിയ സര്‍ദാര്‍ പട്ടേലിനെ ഉദാഹരിച്ചു കൊണ്ടാണ്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് കര്‍ണാടകയില്‍ മോഡി മറുപടി പറഞ്ഞതോടെ കര്‍ണാടക തെരെഞ്ഞെടുപ്പ് മോഡി-രാഹുല്‍ വാക് യുദ്ധത്തിന് വേദിയായി.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകയില്‍ എത്തുമ്പോള്‍ മോഡിയുടെ മറുപടി വീണ്ടും ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. മോഡിയുടെ പരിഹാസത്തിന് രാഹുല്‍ ഗാന്ധി തന്നെ മറുപടി പറയുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കൃത്യമായ മറുപടി നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. വാക്‌പോരുമായി വീണ്ടും ദേശീയനേതാക്കള്‍ കര്‍ണാടകയിലെത്തുമ്പോള്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുമ്പുള്ള മോഡി-രാഹുല്‍ യുദ്ധത്തിന് വേദിയാവുകയാണ് കര്‍ണാടക തെരെഞ്ഞെടുപ്പ്.

വെബ്ദുനിയ വായിക്കുക