ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനം (സിവിസി) രാജിവയ്ക്കില്ല എന്ന് പി ജെ തോമസ്. താന്‍ സിവിസി ആണെന്നും ഔദ്യോഗിക പദവിയില്‍ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ടെലികോം സെക്രട്ടറിയായിരുന്ന കാലത്താണ് 2ജി സ്പെക്ട്രം അനുവദിച്ചത് എന്നും അതിനാല്‍ അദ്ദേഹം സിബിഐ അന്വേഷണം നിരീക്ഷിക്കുന്നത് എങ്ങനെയെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതെ തുടര്‍ന്ന് തോമസ് രാജി വയ്ക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ തോമസ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, രാജി വേണ്ടെന്നും ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി എന്നുമാണ് സര്‍ക്കാരിന്റെ തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തന്നെ കേന്ദ്ര സര്‍ക്കാരാണ് നിയമിച്ചത്. രാജിവയ്ക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് തോമസ് പ്രതികരിച്ചത്. പാമോലിന്‍ കേസിലെ പങ്കാളിത്തത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് പഴയ കേസാണെന്നും അതില്‍ സ്റ്റേ ലഭിച്ചിട്ടുണ്ട് എന്നുമാണ് തോമസ് മറുപടി പറഞ്ഞത്.
2 ജി വിവാദം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ് ആയതിനാല്‍ അതെ കുറിച്ച് പിന്നീട് പ്രതികരണം നടത്താമെന്നും തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.