യോഗ ബലാത്സംഗം കുറയ്‌ക്കും; പ്രവാചകന്‍ ഏറ്റവും മികച്ച യോഗിയെന്നും എംഎം ജോഷി

തിങ്കള്‍, 23 ഫെബ്രുവരി 2015 (16:36 IST)
സാധാരണക്കാര്‍ നിത്യജീവിതത്തില്‍ യോഗ സ്ഥിരമാക്കുകയാണെങ്കില്‍ രാജ്യത്ത് ബലാത്സംഗങ്ങള്‍ കുറയുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി. ന്യൂഡല്‍ഹിയില്‍, ‘ദ അയ്യങ്കാര്‍ വേ - യോഗ ഫോര്‍ ദ ന്യൂ മില്ലേനിയം’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം എം ജോഷി.
 
സെമിനാറില്‍ വിവാദപരമായ പ്രസ്താവനയും ജോഷി നടത്തി. ദിവസം അഞ്ചുനേരം യോഗ ചെയ്യുന്നവരാണ് മുസ്ലിംഗങ്ങള്‍. പ്രവാചകന്‍ മുഹമ്മദ് ആയിരുന്നു ഏറ്റവും മഹാനായ യോഗിയെന്നും ജോഷി പറഞ്ഞു.
 
സാധാരണക്കാര്‍ അവരുടെ ജീവിതത്തില്‍ യോഗ സ്ഥിരം ശീലമാക്കുകയാണെങ്കില്‍ രാജ്യത്ത് ഉണ്ടാകുന്ന ബലാത്സംഗക്കുറ്റങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. സ്ത്രീകളെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചും പുതിയ ചിന്തകള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. മനുഷ്യശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറണം. ഭാരമേറിയ ജോലികള്‍ ചെയ്യാന്‍ പ്രകൃതി നല്കിയ ഒരു യന്ത്രമായി മനുഷ്യശരീരത്തെ കാണാന്‍ കഴിയണം. ജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിയണം” - സെമിനാറില്‍ സംസാരിച്ചു കൊണ്ട് എം എം ജോഷി പറഞ്ഞു.
 
നമ്മുടെ രാജ്യത്തെ പട്ടാളത്തിനും പൊലീസുകാര്‍ക്കും  യോഗ വിദ്യാഭ്യാസം നല്കണം. പൊലീസുകാര്‍ യോഗ അഭ്യസിക്കുകയാണെങ്കില്‍ അത് അവരുടെ ജീവിതത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുകയും ജനങ്ങളുമായുള്ള ഇടപെടലുകളില്‍ മാറ്റമുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 
ഒരാള്‍ വേദങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നുമുള്ള മന്ത്രങ്ങള്‍ ഉച്ചരിച്ചു കൊണ്ട് ഒരു പ്രവര്‍ത്തനം തുടങ്ങുകയാണെങ്കില്‍ 
അതിന് നല്ല ഫലം ഉണ്ടാകുമെന്നും ജോഷി പറഞ്ഞു. സമാധാനം പുലരാനും ക്രമസമാധാനത്തിനും രാജ്യത്തിന്റെ ഐശ്വര്യത്തിനും ഏറ്റവും മികച്ച മാര്‍ഗം യോഗ അഭ്യസിക്കുക എന്നുള്ളതാണ്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും യോഗ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പങ്കുവെയ്ക്കുന്നതിനും ശ്രദ്ധിക്കുന്നതിനുമുള്ള മനസ്സ് യോഗ നല്കുമെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക