യെച്ചൂരി നയിക്കും, പിബിയില്‍ നാലു പുതുമുഖങ്ങള്‍

Webdunia
ഞായര്‍, 19 ഏപ്രില്‍ 2015 (13:13 IST)
അടുത്ത മൂന്നു വര്‍ഷത്തേക്ക് സി പി എമ്മിനെ സീതാറാം യെച്ചൂരി നയിക്കും. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സീതാറാം യെച്ചൂരിയെ പുതിയ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു. എസ് രാമചന്ദ്രന്‍ പിള്ള കാരാട്ടിനെ പിന്താങ്ങി.
 
തുടര്‍ന്ന്, പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പേരുകള്‍ സീതാറാം യെച്ചൂരി വായിച്ചു. പുതിതായി നാലുപേര്‍ ഉള്‍പ്പെടെ 16 പേരാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളായി ഉള്ളത്. സുഭാഷിണി അലി, ഹന്നന്‍ മുള്ള, മൊഹമ്മദ് സലിം, ജി രാമകൃഷ്‌ണന്‍ എന്നിവരാണ് പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍.  സുഭാഷിണി അലി കൂടി പോളിറ്റ് ബ്യൂറോ അംഗമായതോടെ പി ബിയിലെ സ്ത്രീകളുടെ എണ്ണം രണ്ടായി.
 
പ്രകാശ് കാരാട്ട്, ബിമന്‍ ബസു, നിരുപം സെന്‍, മണിക് സര്‍ക്കാര്‍,  പിണറയി വിജയന്‍, പി വി രാഘവലു, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്‌ണന്‍, എം എ ബേബി, സൂര്യകാന്ത് മിശ്ര,  എ കെ പദ്മനാഭന്‍, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരാണ് മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍. 
 
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ലക്‌ഷ്യത്തോടെയാണ് പ്ലീനം വിളിച്ചതെന്നും പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കലാണ് ലക്‌ഷ്യമെന്നും ചുമതലയേറ്റെടുത്തു കൊണ്ട് യെച്ചൂരി പറഞ്ഞു.