യുവാവിനെ കൊന്നു, സൈന്യം മാപ്പു പറഞ്ഞു

ഞായര്‍, 6 ഫെബ്രുവരി 2011 (13:12 IST)
PTI
വടക്കന്‍ കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സൈന്യം മാപ്പു പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് മന്‍സൂര്‍ അഹമ്മദ് മഗ്രെക്ക് (22) എന്ന യുവാവ് കുപ്‌വാരയിലെ ഗുണ്ട്-ചൊഗാലില്‍ സൈനികരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയാണ് സംഭവം.

മന്‍സൂറിനെയും ഒപ്പമുണ്ടായിരുന്ന ആളിനെയും ഭീകരരായി തെറ്റിദ്ധരിച്ചതായും ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും സൈന്യം വ്യക്തമാക്കി. യുവാവ് കൊല്ലപ്പെട്ടതില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു. സൈനിക യൂണിറ്റിനെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് മജിസ്‌ട്രേട്ട് തല അന്വേഷണത്തിന് സര്‍ക്കാരും ഉത്തരവിട്ടു.

സൈനികര്‍ തന്റെ മകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തൊട്ടടുത്തുള്ള പാലത്തിലേക്ക് കൊണ്ടുപോയി വെടിവച്ച് കൊല്ലുകയായിരുന്നെന്ന് മന്‍സൂറിന്റെ പിതാവ് ഗുലാം അഹമ്മദ് മഗ്രെക്ക് ആരോപിച്ചു. സംഭവത്തിനുത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

ഒഴിവാക്കാമായിരുന്ന ഒരു മരണമായിരുന്നു ഇതെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

തുഫൈല്‍ അഹമ്മദ് എന്ന 17കാരന്‍ പൊലീസ് ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ച് മരിച്ചതിനെത്തുടര്‍ന്ന് കശ്മീര്‍ മാസങ്ങളോളം സംഘര്‍ഷഭരിതമായിരുന്നു.

വെബ്ദുനിയ വായിക്കുക