യശ്വന്ത് സിന്‍‌ഹയ്ക്ക് പ്രതിഷേധം, രാജി

വെള്ളി, 17 സെപ്‌റ്റംബര്‍ 2010 (12:30 IST)
ഝാര്‍ഖണ്ഡില്‍ അര്‍ജ്ജുന്‍‌ മുണ്ടയെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍‌ഹ പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തിന്റെ ഉത്തരവാദിത്തം രാജിവച്ചു.

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതെ വീണ്ടും അര്‍ജ്ജുന്‍ മുണ്ടയ്ക്ക് സ്ഥാനം നല്‍കിയതും സംസ്ഥാനത്ത് ജെ‌എം‌എമ്മും ബിജെപിയും തമ്മില്‍ വീണ്ടും ധാരണയായതുമാണ് യശ്വന്ത് സിന്‍‌ഹയെ പ്രകോപിപ്പിച്ചത് എന്ന് കരുതുന്നു. അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഝാര്‍ഖണ്ഡിലെ സംഭവ വികാസങ്ങളില്‍ തൃപ്തിയില്ല എന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് യശ്വന്തിന്റെ രാജി.

എന്നാല്‍, സംഭവത്തെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവച്ചപ്പോഴും യശ്വന്ത് സിന്‍‌ഹ രൂക്ഷമായി പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ തോല്‍‌വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യശ്വന്ത് രംഗത്ത് എത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക