മോദിക്ക് ഒരിക്കലും ഞങ്ങളുടെ വേദന മനസിലാകില്ല: രോഹിത് വെമുലയുടെ അമ്മ

ശനി, 27 ഫെബ്രുവരി 2016 (03:17 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരിക്കലും തന്റെ വേദന മനസിലാകില്ലെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ അമ്മ രാധിക.
മോദിക്ക് മക്കളുമില്ല ഭാര്യയുമില്ല, ജാതിവിവേചനത്തില്‍ മനം നൊന്ത് അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിയും വന്നിട്ടില്ല. ഒരു മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന പിന്നെ എങ്ങനെ അദ്ദേഹത്തിന് മനസിലാകുമെന്നും രാധിക ചോദിക്കുന്നു. രോഹിത് വെമുലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യാ ഗെയ്റ്റിന് മുന്നിലായി 200 ഓളം വിദ്യാര്‍ത്ഥികള്‍ നടത്തിയ മെഴുകുതിരി പ്രതിഷേധത്തിന് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു രാധിക.
 
‘നീതിക്ക് വേണ്ടി പോരാടുന്ന വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ ഞാന്‍ എന്നെ തന്നെ ബലി കഴിക്കും’- രാധിക പറഞ്ഞു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചശേഷം സംസാരിക്കുകയായിരുന്നു രാധിക. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പ്രതിഷേധത്തിനായി ക്ഷണിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധക്കാരെ പോലീസ് തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്കും പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്കും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. 
 
അതിന് ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു. സമാധാനപരമായി നടത്തിയ പ്രതിഷേധ പരിപാടിയെ പോലീസ് എതിര്‍ക്കുകയും തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയുമായിരുന്നെന്ന് പാറ്റ്‌ന യൂണിവേഴ്‌സിറ്റിയിലെ വി്ദ്യാര്‍ത്ഥി ബിസ്‌വജീത് പറഞ്ഞു. ത്രിപുരയിലെ സി പി ഐ എം എം പിയായ ജിതേന്ദ്ര ചൗധരിയും സി പി ഐ എം എം പി ഡി രാജയും ഇടപെട്ടതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ വിട്ടയച്ചത്.
 

വെബ്ദുനിയ വായിക്കുക