നരേന്ദ്രമോഡിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ബി ജെ പി നേതാവ് സഞ്ജയ് ജോഷി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗത്വം രാജിവച്ചു. തന്‍റെ രാജി പാര്‍ട്ടി താല്‍പ്പര്യം കണക്കിലെടുത്താണെന്ന് സഞ്ജയ് ജോഷി അറിയിച്ചു.
ലൈംഗിക വിവാദത്തെ തുടര്‍ന്ന് ഏഴു വര്‍ഷം പാര്‍ട്ടിക്ക് പുറത്തായിരുന്ന ജോഷി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ് സഞ്ജയ് ജോഷിയെ മടക്കിക്കൊണ്ടുവന്നത്.
എന്നാല്‍, സഞ്ജയ് ജോഷിയുടെ മടങ്ങിവരവില്‍ നരേന്ദ്രമോഡിക്ക് അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഈ കാരണമുന്നയിച്ച് മുമ്പ് നടന്ന ദേശീയ നിര്‍വാഹക സമിതി യോഗങ്ങളില്‍ നിന്ന് മോഡി വിട്ടുനിന്നിരുന്നു.
വ്യാഴാഴ്ച ദേശീയ നിര്‍വാഹസമിതി യോഗം ആരംഭിക്കുമ്പോള്‍ സഞ്ജയ് ജോഷി ഉണ്ടെങ്കില്‍ താന്‍ വിട്ടുനില്‍ക്കുമെന്ന് മോഡി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജോഷി രാജിവച്ചത്.